Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇബ്രാഹിം റെയ്‌സിയുടെ മരണം; ഹെലികോപ്റ്റര്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോർട്ട്

02 Sep 2024 10:03 IST

Shafeek cn

Share News :

ടെഹ്റാന്‍ : മെയ് മാസത്തില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഇറാന്റെ അന്തിമ അന്വേഷണത്തില്‍ 'സങ്കീര്‍ണ്ണമായ' കാലാവസ്ഥയാണ് പ്രാഥമിക കാരണമെന്ന് വിലയിരുത്തല്‍. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശത്ത് കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് രാജ്യത്തെ സ്റ്റേറ്റ് ടിവി ഞായറാഴ്ച (സെപ്റ്റംബര്‍ 1) റിപ്പോര്‍ട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 63 കാരനായ പ്രസിഡന്റും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുല്ലഹിയാന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് 2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ചത്.


മേഖലയിലെ സങ്കീര്‍ണ്ണമായ കാലാവസ്ഥാ, അന്തരീക്ഷ സാഹചര്യങ്ങള്‍ കാരണം ഹെലികോപ്റ്റര്‍ ഒരു പര്‍വതത്തില്‍ ഇടിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം' എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സൈനിക റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സൈന്യം നിയോഗിച്ച ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.


പ്രാഥമിക ഊഹാപോഹങ്ങള്‍ മറ്റ് ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അധിക യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പറത്തിയതിനെ ഓഗസ്റ്റില്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇറാന്റെ സായുധ സേന ഈ അവകാശവാദങ്ങളെ 'പൂര്‍ണ്ണമായും തെറ്റാണ്' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.


സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായി ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഫാര്‍സ് വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഇറാനിയന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിയായി റെയ്സി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഈ ദാരുണമായ അപകടം രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് കാരണമായി. സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും, മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


Follow us on :

More in Related News