Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും". കേരളത്തിന്റെ 13 -ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു

14 May 2026 12:36 IST

Jithu Vijay

Share News :

തിരുവനന്തപുരം : പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 -ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ കേരള ജനതയുടെ ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി.


പത്തുവർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫ് കഴിഞ്ഞ 10 ദിവസമായി മുഖ്യമന്ത്രിപദത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത്രില്ലർ പോരാട്ടത്തിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.


എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.


രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുല്‍ ഗാന്ധി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. എംഎല്‍എമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിര്‍ന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു. വി ഡി സതീശന് വേണ്ടി കേരളത്തിലാകെയുണ്ടായ ശക്തമായ ജനവികാരമാണ് എഐസിസി തീരുമാനത്തെ സ്വാധീനിച്ചത്.


സ്ഥാനാർഥിനിർണയംമുതൽ പ്രചാരണരീതിവരെ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചതാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ സതീശനുണ്ടാക്കിയ മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയുയർന്നപ്പോൾത്തന്നെ സംരക്ഷിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നിലപാടുകളിൽ വിട്ടുവീഴ്ചകളില്ലാതെയാണ് സതീശൻ രാഷ്ട്രീയ ഗോദയിലിറങ്ങിയത്.


തങ്ങൾ ടീം യുഡിഎഫാണെന്ന് ആവർത്തിച്ച സതീശൻ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം വരെ നടത്തി. തിരഞ്ഞെടുപ്പിൽ തോറ്റാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പറഞ്ഞത് ഒരു തവണയല്ല, പലയാവർത്തി അത് കേട്ടു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും സതീശൻ പ്രഖ്യാപിച്ചു. മാത്രമല്ല, തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കാനും അദ്ദേഹം മുതിർ‍ന്നു. അത്തരത്തിൽ സതീശനെടുത്ത നിലപാടുകളുടെ വിജയം കൂടിയാണ് യുഡിഎഫിന്റേത്. അങ്ങനെ കഴിഞ്ഞ അഞ്ചാണ്ട് പിണറായിയോടും ഇടതുപക്ഷത്തോടും നേർക്കുനേർ നിന്ന് പോരടിച്ചാണ് സതീശൻ യുഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുന്നത്.



Follow us on :

More in Related News