Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 13:43 IST
Share News :
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. ട്രാൻസ്ജെൻഡറുകൾക്കുള്ള പരിരക്ഷ എടുത്തുകളഞ്ഞതും കുടിയേറ്റക്കാരോടുള്ള നടപടിയുമാണു ചൊവ്വാഴ്ചത്തെ പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് അഭ്യർഥന നടത്താൻ വാഷിങ്ടൺ എപ്പിസ്കോപ്പൽ ബിഷപ്പ് റൈറ്റ് റവ. മരിയാൻ എഡ്ഗർ ബുഡ്ഡേയെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡർ സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ അഭ്യർഥന.
എന്നാൽ ബിഷപ്പിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വലിയ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. ബിഷപ്പ് അഭ്യർഥന നടത്തിയപ്പോൾ സദസ്സിന്റെ മുൻനിരയിൽ വളരെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ട്രംപ് ഇരുന്നത്. ഭാര്യ മെലാനിയായും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഒപ്പമുണ്ടായിരുന്നു. ബിഷപ്പിന്റെ പ്രഭാഷണത്തിനുപിന്നാലെ ട്രംപ് തിരിഞ്ഞ് വാൻസിനോട് എന്തോ സംസാരിച്ചു. അതിനു മറുപടിയായി വാൻസ് തലകുലുക്കുകയും ചെയ്തു. പിന്നീട് പ്രാർഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു പ്രാർഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ഒരു കൊലയാളിയുടെ വെടിയുണ്ടയിൽനിന്നു ദൈവം തന്നെ രക്ഷിച്ചുവെന്ന് സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു.
“നമ്മുടെ ദൈവത്തിന്റെ നാമത്തിൽ, രാജ്യത്ത് ഇപ്പോൾ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ സ്വവർഗ്ഗാനുരാഗികളും ലെസ്ബിയൻ, ട്രാൻസ്ജെൻഡർ കുട്ടികളും ഉണ്ട്.
കുടിയേറ്റക്കാർ എല്ലാവരും കുട്ടികളല്ല, നമ്മുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരും ഓഫീസ് കെട്ടിടങ്ങൾ വൃത്തിയാക്കുന്നവരും കോഴി ഫാമുകളിലും ഇറച്ചി പാക്കിങ് പ്ലാന്റുകളിലും ജോലി ചെയ്യുന്നവരും ഭക്ഷണശാലകളിൽ പാത്രങ്ങൾ കഴുകുന്നവരും ആശുപത്രികളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരും…. അവർ രേഖകളുള്ള പൗരന്മാരായിരിക്കണമെന്നില്ല. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും കുറ്റവാളികളല്ല… അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം പഠിപ്പിക്കുന്നു. എന്തെന്നാൽ, നമ്മൾ എല്ലാവരും ഈ നാട്ടിൽ അപരിചിതരായിരുന്നു” -ബിഷപ്പ് എഡ്ഗർ ബുഡ്ഡേ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.