Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 14:44 IST
Share News :
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഇന്ത്യൻ വംശജനുമായ പങ്കജ് ലാംബയ്ക്കായി (23) അന്വേഷണം ഊർജിതമാക്കിയതായി നോർത്താംപ്ടൺഷെയർ പൊലീസ് അറിയിച്ചു. ഇയാൾ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
നവംബർ 14നാണ് ഇൽഫോഡിൽ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു 4 ദിവസം മുൻപ്, ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. കൊലപാതകത്തിനു ശേഷം നോർത്താംപ്ടൺഷെയറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
രാജ്യം വിട്ടെന്ന് കരുതുന്ന ലാംബയ്ക്കായി അറുപതിലേറെ ഡിറ്റക്ടീവുമാർ അന്വേഷണം നടത്തുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഹർഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാൽ വീട്ടിൽ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഏപ്രിലിൽ ഡൽഹിയിൽനിന്നു യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹർഷിത ഗാർഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വഴക്കിട്ടിരുന്നതായും അയൽവാസികൾ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടർന്ന് ഹർഷിത മുൻപ് വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും ഹർഷിതയുടെ കുടുംബം പറയുന്നു. പങ്കജിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ച് ഓഗസ്റ്റിൽ ഹർഷിത പിതാവിനോട് പരാതി പറഞ്ഞിരുന്നു.
Follow us on :
Tags:
More in Related News
Please select your location.