Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 21:08 IST
Share News :
തിരുവമ്പാടി: മലയോര മേഖലയുടെ ഏറ്റവും വലിയ പ്രശ്നം വന്യജീവികൾ കൃഷി നശിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി തിരുവമ്പാടി ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടണം. മലയോര മേഖലയിൽ കർഷകർക്ക് ഒരു സാധനവും ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനുഷ്യന് ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാൻ വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടാവണം. നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കുകയാണ്. രാജ്യത്തെ നിലനിർത്തുന്നത് കർഷകരാണ്. കർഷകരാണ് ഇന്ത്യയെ പട്ടിണിയിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളും. ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഹരിത വിപ്ലവം നടന്നത്. അതിന് ശേഷമാണ് രാജ്യത്ത് പട്ടിണിയില്ലാതെയായത്. കർഷകന്റെ ജീവിതം ദുരിതത്തിലാക്കുന്ന മൂന്ന് നിയമങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നത്. കോർപ്പറേറ്റുകൾക്ക് കടന്നു വരാനും കർഷകന്റെ അവകാശങ്ങൾ തട്ടിയെടുക്കാനും സഹായിക്കുന്ന നിയമങ്ങളാണവ. ഇന്ത്യയിലെ കാർഷിക മേഖലയെ കുത്തുകൾക്ക് തീറെഴുതി കൊടുക്കാനുള്ള നിയമങ്ങളാണ് നരേന്ദ്രമോദി സർക്കാർ പാസാക്കിയത്. രാജ്യത്തെ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടിയാണ് ബി.ജെ.പിയുടെ ഭരണമെന്നും അവർക്ക് വേണ്ടിയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനും മുൻകൈയെടുക്കുന്ന ഏക പ്രസ്ഥാനം കോൺഗ്രസാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് അധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ്, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ജനറൽ കൺവീനർ ബാബു പൈക്കാട്ടിൽ, ജോണി പ്ലാക്കാട്ട്, അബ്ദു കോയങ്ങോറൻ, മില്ലി മോഹൻ, ഇ.എം അഗസ്റ്റിൻ, ടി.എം.എ ഹമീദ്, വി. മനോജ്, ടി.ജെ കുര്യച്ചൻ, കെ. ഷൗക്കത്ത്, ജിതിൻ പല്ലാട്ട്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, നടുക്കണ്ടി അബൂബക്കർ, ഷിജു ചെമ്പനാനി സംസാരിച്ചു.
ചിത്രം: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.