Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജർമ്മൻ പരീക്ഷ ഇനി കോഴിക്കോട്ട്! മലബാറിലെ വിദ്യാർഥികൾക്ക് വലിയ ആശ്വാസം

18 Aug 2026 12:35 IST

NewsDelivery

Share News :

കോഴിക്കോട്: വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്കായി ഗോയ്ഥെ-സെന്റർ തിരുവനന്തപുരം പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി.ടി. അവന്യൂവിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് പരീക്ഷകൾഇനി മലബാർ മേഖലയിലുള്ളവർക്ക് കോഴിക്കോട്ട് തന്നെ എഴുതാം. ന്യൂഡൽഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളർ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടർ ഡോ. അലക്സാൻഡ്ര മിറ്റ്ലർ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കുമായി ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർഥികളുടെയും യുവ പ്രൊഫഷണലുകളുടെയും വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ കേന്ദ്രം ആരംഭിച്ചത്. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി പഠിതാക്കൾക്ക് ഇതോടെ പരീക്ഷയ്ക്കായി ദൂരയാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാകും.

ജർമ്മനിയിലേക്കുള്ള അക്കാദമിക്, തൊഴിൽ ആവശ്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഗോയ്ഥെ സർട്ടിഫിക്കറ്റ് പരീക്ഷകൾ യൂറോപ്യൻ കോമൺ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസ് (CEFR)മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.

പരീക്ഷാ കേന്ദ്രത്തിന് പുറമെ മലബാറിൽ ജർമ്മൻ ചലച്ചിത്ര മേളകൾ, സംഗീത പരിപാടികൾ, സാഹിത്യ സമ്മേളനങ്ങൾ, വർക്ക്‌ഷോപ്പുകൾ, സർവകലാശാലാ സഹകരണ പദ്ധതികൾ തുടങ്ങിയവ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

കോഴിക്കോട്ടെ ആദ്യ ഗോയ്ഥെ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. തുടർന്ന് എല്ലാ മാസങ്ങളിലും കൃത്യമായി പരീക്ഷകൾ നടത്താനാണ് തീരുമാനം.

Follow us on :

More in Related News