Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുമ്പാശ്ശേരിയിൽ അതിവേഗം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു

25 Jul 2024 14:26 IST

Shafeek cn

Share News :

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ൻറെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് കൊച്ചി. ഇതിൻറെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്തിൽ കമ്മീഷൻ ചെയ്യും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി കഴിഞ്ഞമാസം ഈ സംവിധാനം ഏർപ്പെടുത്തിയത്.


സിയാലിൽ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലേനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെൻറിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.


തൃപ്തികരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമന-പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻറാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.

Follow us on :

More in Related News