Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുധാകരൻ്റേത് അക്രമങ്ങള്‍ സംഘടിപ്പിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്ന ചരിത്രം; വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇ.പി

21 May 2024 13:34 IST

- Shafeek cn

Share News :

കണ്ണൂര്‍: തനിക്കെതിരേ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വ്യക്തിപരമായി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ആര്‍.എസ്.എസിൻ്റെ വാടകക്കൊലയാളികളെ വാടകയ്ക്ക് എടുത്ത് ഡല്‍ഹിയിലും കേരളത്തിലുംവച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സംഭവം നടന്നത്. വിക്രം ചാലില്‍ ശശിയേയും പേട്ട ദിനേശനേയും തനിക്കോ അവര്‍ക്കോ അറിയില്ല. വ്യക്തിപരമായി വിദ്വേഷം ഉണ്ടാവേണ്ട കാര്യമില്ല. അവരെ വാടകയ്ക്ക് എടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി നടത്തിയ സംഭവമാണ്. ഒന്നാമത്തെ അവരുടെ ലക്ഷ്യം പിണറായി വിജയനായിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.


സംഭവത്തിൻ്റെ യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. ആ കേസില്‍ സുധാകരന്‍ പ്രതിയും ഗൂഢാലോചനക്കാരനുമാണ്. പ്ലാന്‍ ചെയ്തത് സുധാകരനാണ്. സുധാകരനോടൊപ്പം മറ്റുപലരും ഉണ്ടായേക്കാം. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പലതരത്തിലും ഇടപെട്ടു. കേസ് അട്ടിമറിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് കേന്ദ്രഭരണം ഇടപെടുന്നുവെന്ന് സെഷന്‍സ് കോടതിയില്‍ നേരിട്ട് കൊടുത്ത മൊഴിയും തെളിവും അനുസരിച്ചാണ് കെ. സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


‘ഹൈക്കോടതി വിധി പൂര്‍ണമായും വായിച്ചിട്ടില്ല. എൻ്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനും എനിക്കുവേണ്ടി ഹാജരായ വക്കീലിനും സാധിച്ചോയെന്ന് പരിശോധിക്കേണ്ട കാര്യമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്ന് കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. അതിനുവേണ്ടിയുള്ള നിയമപരമായ നടപടികള്‍ ഞാനും സ്വീകരിക്കുകയാണ്’, ഇ.പി അറിയിച്ചു.


സുധാകരന്‍ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ള ആളാണ്. അക്രമങ്ങള്‍ സംഘടിപ്പിക്കുക, പലവഴികളും ഉപയോഗിച്ച് രക്ഷപ്പെടുക എന്നത് സുധാകരൻ്റെ ചരിത്രത്തില്‍ ഉള്ളതാണ്. അതുകൊണ്ട് അപ്പീല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വ്യക്തിപരമായും നിയമപരമായി മുന്നോട്ടുപോകും. വേണ്ടത്ര തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ ചിലപ്പോള്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കും. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow us on :

More in Related News