Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയില്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ

26 Jul 2024 16:59 IST

Shafeek cn

Share News :

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.


ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാനത്താണ്. ‘ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.


എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതല്‍ തിരഞ്ഞെടുത്ത രോഗികളില്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും വിലകൂടിയ മരുന്ന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കുന്നതുമാണ്.


കേരളത്തില്‍ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ല്‍ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എണ്ണത്തില്‍ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നത്.

Follow us on :

More in Related News