Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 09:12 IST
Share News :
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിലെ നിര്‍മ്മാതാക്കളില്‍ ഒരാളും നടനുമായ സൗബിന്‍ ഷാഹിറെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിര്‍മ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജ് ഉന്നയിക്കുന്ന പരാതി.
പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയില്‍ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Follow us on :
Tags:
More in Related News
Please select your location.