Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപരന്‍മാരെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇങ്ങനെ പേടിക്കല്ലേയെന്ന് സരിന്‍; രംഗത്ത് ബിജെപിയും

31 Oct 2024 16:49 IST

Shafeek cn

Share News :

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരന്‍മാരെ ചൊല്ലി് മുന്നണികള്‍ തമ്മില്‍ പ്രധാന തര്‍ക്കം. സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍ മാരെ നിര്‍ത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിന്റ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരന്‍മാരായ രാഹുലുമാര്‍ ഇപ്പോഴും കാണാമറയത്താണ്.


എന്നാല്‍ അപര സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന രാഹുല്‍ എന്തിന് മറ്റ് സ്ഥാനാര്‍ഥികളെ നോക്കണമെന്നാണ് സരിന്റെ ചോദ്യം. രഹസ്യ ചര്‍ച്ചകള്‍ നടത്തിയത് ആര് എന്നൊക്കെ വോട്ടെടുപ്പിന് മുന്നേ തന്നെ പുറത്തുവരുമെന്നും സരിന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പര്‍ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരന്‍ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ സ്വാധീനമേഖലയായ മൂത്താന്‍തറയിലാണ് വീട്. ചിഹ്നം എയര്‍കണ്ടീഷണര്‍. രണ്ടാം അപരന്‍ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമന്‍. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണാടിയിലാണ് വീട്. ചിഹ്നം തെങ്ങിന്‍തോട്ടം. പത്രിക സമര്‍പ്പിച്ചത് മുതല്‍ രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്. 


എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലും മുന്‍നിര്‍ത്തി സിപിഎം ബിജെപി ഡീല്‍ ഉയര്‍ത്തി പ്രചാരണം നടത്തുന്ന യുഡിഎഫ് അപരന്‍മാരുടെ കാര്യത്തിലും ഇതേ ആരോപണം ആവര്‍ത്തിക്കുന്നു. പ്രചാരണത്തിലും ഈ കൂട്ടുകെട്ട് വ്യക്തമെന്നാണ് രാഹുലിന്റെ ആരോപണം. രാഹുല്‍ എന്തിന് മറ്റ് സ്ഥാനാര്‍ഥികളെ നോക്കണം, അത്രയ്ക്ക് അഭിമാന ബോധമേ ഉള്ളൂ. ഇത് തോല്‍വി ഉറപ്പിച്ചതുകൊണ്ടുള്ള അങ്കലാപ്പാണ്. താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. ഇങ്ങനെ ഭയപ്പെട്ടു തുടങ്ങിയാല്‍ ബോറാണ്. ക്രമ നമ്പര്‍ പ്രകാരം രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ എന്തിന് ഒന്‍പതാം സ്ഥാനത്തുള്ള തന്നെ ഭയക്കുന്നുവെന്നും സരിന്‍ പറഞ്ഞു.


രാഹുലിന്റെ അപരനില്‍ ബിജെപിക്ക് പങ്കില്ലെന്ന് സി കൃഷ്ണകുമാരും വ്യക്തമാക്കി. ബി ജെ പിക്ക് അപരന്‍മാരെ നിര്‍ത്തി വോട്ട് തേടേണ്ട ആവശ്യമില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. രണ്ടു രാഹുലുമാരും പിടിക്കുന്ന വോട്ടുകള്‍ പണിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വോട്ടര്‍മാരുടെ മനസ്സില്‍ പതിയുന്ന തരത്തില്‍ പ്രചാരണം നടത്താനാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Follow us on :

More in Related News