Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാതല 'അന്‍പ് ക്യാമ്പയിന് താനൂരില്‍ തുടക്കമായി

09 Feb 2026 18:28 IST

Jithu Vijay

Share News :

താനൂർ : ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാംപയിനിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം താനൂര്‍ നിറമരുതൂര്‍ സിറ്റി പ്ലാസ ഓഡിറ്റോറിയത്തില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ കല്ലിടുമ്പില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. സ്മിജി മുഖ്യാതിഥിയായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി. സമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പ്രൊഫ. ഡോ. പി.ടി. ബാബുരാജ് വിഷയാവതരണം നടത്തി. 


നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളാട്ട് നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനേശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹഫസത്ത് ചാരാത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുഫീദ, പഞ്ചായത്ത് ആസൂത്രണ സമിതി ചെയര്‍മാന്‍ കെ.ടി. ശശി, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജെ.എസ്. മനോജ്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബൗദ്ധിക ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലെ സംശയ നിവാരണ ക്ലാസിന് ബിജു ആന്റണി (ആര്‍.പി.ഡബ്ലിയു.ഡി ആക്ട്) നേതൃത്വം നല്‍കി.


ജില്ലയിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അന്‍പ് ക്യാംപയിന്‍. ബൗദ്ധിക വെല്ലുവിളിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അവര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാംപയിന്‍ ആരംഭിച്ചത്. എല്‍.എല്‍.സി ഗാര്‍ഡിയന്‍ ഷിപ്പ്, നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ്, യു.ഡി.ഐ.ഡി, കെ.എസ്.എസ്.എം എന്നീ പ്രധാന പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ പ്രായോഗികവത്ക്കരണത്തെ കുറിച്ചും ക്യാംപയിനില്‍ ബോധവത്ക്കരണം നല്‍കും. നാളെ (ചൊവ്വ) പെരിന്തല്‍മണ്ണ, 11ന് (ബുധന്‍) മഞ്ചേരിയിലും നടക്കുന്ന ക്യാംപയിനോട് കൂടി അന്‍പ് ക്യാംപയിന് സമാപനമാകും.

Follow us on :

More in Related News