Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വസ്ത്രം വരെ പകര്‍പ്പവകാശ പരിധിയില്‍ വരുമെന്ന് ധനുഷ്; ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും

06 Feb 2025 10:02 IST

Shafeek cn

Share News :

ചെന്നൈ: നടി നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കുമെതിരെ നിര്‍മാതാവും നടനുമായ ധനുഷ് നല്‍കിയ പകര്‍പ്പവകാശ ലംഘന കേസില്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ വാദം തുടങ്ങും. നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍, ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചെന്നാണ് ഹര്‍ജി. 10 കോടി രൂപ നഷ്ട പരിഹാരം നല്‍കണം എന്നാണ് ധനുഷിന്റെ ആവശ്യം. സിനിമയില്‍ നയന്‍താര ഉപയോഗിച്ച വസ്ത്രം വരെ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ധനുഷ് അവകാശപ്പെട്ടിരുന്നു.


ധനുഷിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ധനുഷ് നിര്‍മിച്ച നാനം റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. ഇതോടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ മറ്റൊരു ഹര്‍ജി കൂടി നല്‍കി. ഈ കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കാന്‍ പാടില്ല. കാരണം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്. ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണ്. അതുകൊണ്ട് കാഞ്ചീപുരം കോടതിയിലോ മുംബൈയിലോ കേസ് മാറ്റണം എന്നായിരുന്നു ഹര്‍ജി. നവംബര്‍ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് ഇങ്ങനെയൊരു ഹര്‍ജി നല്‍കിയതെന്ന തരത്തിലുള്ള കാര്യങ്ങള്‍ ആയിരുന്നു നെറ്റ്ഫ്‌ലിക്‌സ് ചൂണ്ടിക്കാട്ടിയത്.


സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ധനുഷിന്റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയത്.

Follow us on :

More in Related News