Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2025 17:58 IST
Share News :
ഉയർന്ന ജനാധിപത്യ ബോധ്യങ്ങൾ തന്നെയാണ് ഇന്ത്യൻ മഹാരാജ്യത്തിന്റെ അടിസ്ഥാനശിലയെന്നത്. എത്രയോ കാലങ്ങൾക്കു മുൻപ് നിരവധിയാർന്ന ധീര ദേശാഭിമാനികളുടെ ഐതിഹാസികമായ പോരാട്ടങ്ങളിൽ നിന്നാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും ഒക്കെ പിറവി കൊണ്ടിട്ടുള്ളത്. 1950 ജനുവരി 26-ന് നാം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കായിമാറിയപ്പോൾ വിജയകരമായ ഒരു ജനാധിപത്യ പരീക്ഷണത്തിനുകൂടി നാന്ദികുറിക്കപ്പെട്ടിരുന്നു. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും ഇന്ത്യയിലെ ജനാധിപത്യസംവിധാനം ഏറക്കുറെ വലിയ പോറലുകളേൽക്കാതെ നിലനിന്നു. ഇത് സാധ്യമായത് നാം ഇതിനുതകുന്നവിധത്തിലുള്ള ഒരു ഭരണഘടന സൃഷ്ടിച്ചതുകൊണ്ടുമാത്രമല്ല, അതിന്റെ മൂല്യസംഹിതയും സംവിധാനരൂപങ്ങളും നിലനിർത്താൻ ശ്രമിച്ചതുകൊണ്ടുകൂടിയാണ്. ജനകീയാഭിപ്രായങ്ങൾക്കും തിരഞ്ഞെടുപ്പു ഫലങ്ങൾക്കും ഇന്ത്യൻ ജനാധിപത്യത്തെയും നിയമവാഴ്ചയെയും അതുവഴി ഭരണഘടനയെയും നിലനിർത്തുന്നതിൽ വലിയൊരു പങ്കുവഹിക്കാനായിട്ടുണ്ട്. എന്നാൽ വർത്തമാനകാലത്ത് ഇതെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങൾ ഇന്ത്യൻ ജനാധിപത്യസംവിധാനത്തിന് ഒട്ടേറെ അസുഖകരമായ സന്ദേശങ്ങളാണ് നൽകിയത്. മതേതരത്വവും ഫെഡറലിസവും ഇത്രമേൽ വെല്ലുവിളിക്കപ്പെട്ട ഇതുപോലൊരു കാലഘട്ടം ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മതത്തിന്റെ പേരിലുള്ള വിഭജനവും ഭരണകൂടത്തിന്റെ രാഷ്ട്രീയ മുതലെടുപ്പുകളും എല്ലാം നാം കാണുന്നതാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവതൊട്ട് ഡൽഹി പോലീസ് വരെ കേന്ദ്രത്തിന്റെ കൈയിലെ രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ, മന്ത്രിസഭ, നിയമനിർമാണ സഭകൾ എന്നിവതൊട്ട് സർവകലാശാലകളും മനുഷ്യാവകാശ കമ്മിഷനുകളും വരെയുള്ള ഭരണഘടനയിലൂടെയും നിയമങ്ങളിലൂടെയും രൂപകല്പനചെയ്യപ്പെട്ട സ്ഥാനങ്ങൾ ഏകപക്ഷീയമായ രാഷ്ട്രീയാധികാരത്തിന് കീഴ്പ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇലക്ടറൽ ബോണ്ടു സംവിധാനത്തിലൂടെ, അതിസന്പന്നരാൽ നിയന്ത്രിക്കപ്പെടുന്ന വാണിജ്യോത്സവം മാത്രമായി തിരഞ്ഞെടുപ്പുകൾ മാറിത്തുടങ്ങിയിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുപ്പുകളിലൂടെ സ്വന്തം അധികാരം പ്രയോഗിക്കുന്നതിനു പകരം, മാർക്കറ്റ് ശക്തികളുടെയും വിധേയമാധ്യമങ്ങളുടെയും സ്വാധീനത്തിൽപ്പെട്ട് തിരഞ്ഞെടുപ്പുകളുടെ ഇരകളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നു.
ഇന്ത്യ എല്ലാ കാലത്തും ലോകരാഷ്ട്രങ്ങൾക്കുമുൻപിൽ തല ഉയർത്തി നിന്നിട്ടുള്ളത് ഇവിടുത്തെ മഹത്തായ ജനാധിപത്യ സംവിധാനങ്ങളുടെ മികവിൽ ആയിരുന്നു. ആ ജനാധിപത്യ സംവിധാനങ്ങൾക്ക് മികവേകിയത് തെരഞ്ഞെടുപ്പ് രീതികൾ ആയിരുന്നു. തീർത്തും സുതാര്യമായ തെരഞ്ഞെടുപ്പ് രീതിയായിരുന്നു ഇന്ത്യ അവലംബിച്ചിരുന്നത്. എന്നാൽ ഇന്ന് നാം കേൾക്കുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകൾ നിസ്സാരമല്ല. സാധാരണ വാർത്താസമ്മേളനം വിളിക്കുകയും അതിൽ മൈക്കിന് മുന്നിൽ ഇരുന്ന് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യ രാഷ്ട്രീയത്തിലെ പതിവ് രീതി. എന്നാൽ, രാഹുൽ വ്യാഴാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തിലെതന്നെ പവർ പോയന്റ് പ്രസന്റേഷനോട് കൂടി വിദേശ രാജ്യങ്ങളിലൊക്ക നേതാക്കൾ നടത്തുന്നതിന് സമാനമായ വ്യത്യസ്തമായ വാർത്താസമ്മേളനമായിരുന്നു. ഐ.ടി കമ്പനികളുടെ അവലോകന മീറ്റിങ് മാതൃകയിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ ആകെ വോട്ടും അതിലെ കൃത്രിമം എന്തൊക്കെ എങ്ങനെയൊക്കെ ഒരേ വിലാസത്തിൽ ഇത്ര പേർക്ക് വോട്ട്, വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് പൂജ്യം അങ്ങനെ രേഖാപ്രകാരം ഓരോ സ്ലൈഡുകളാക്കി എന്താണ് എങ്ങനെയാണ് എന്നാണ് രാഹുൽ അവതരിപ്പിച്ചത്. ഈ രീതിയും രാഷ്ട്രീയത്തിൽ അപൂർവ്വമാണ്. സാധാരണ വൻ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ഈ രീതിയിൽ കണ്ടിട്ടുള്ളത്. തെളിവുകൾ ഒന്നൊന്നായി നിരത്തി രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനവും തുടർന്നുള്ള നീക്കങ്ങളും രാജ്യം ഒന്നാകെ ഏറ്റെടുക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ വീണ്ടെടുക്കലിനു വേണ്ടി ഇപ്പോൾ നടക്കുന്ന എല്ലാ പരിശ്രമങ്ങളെയും ഏതൊരു ജനാധിപത്യ വിശ്വാസിയും ഏറെ പ്രത്യാശയോടെ കാണുകയാണ്.
Follow us on :
More in Related News
Please select your location.