Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ മേൽപ്പാലത്തിന് താഴെ ‘ക്രാഫ്റ്റ് വില്ലേജ്’;ചെറുകിട വ്യാപാരികളുടെ പുനരധിവാസത്തിന് പ്രതീക്ഷ

12 Jan 2026 19:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രനഗരിയിലെത്തുന്ന തീർത്ഥാടകർക്ക് കേരളത്തിന്റെ പൈതൃകവും തനത് ഉൽപ്പന്നങ്ങളും ഒരിടത്ത് പരിചയപ്പെടുത്തുന്നതിനായി ഗുരുവായൂർ മേൽപ്പാലത്തിന് താഴെ ‘ഗുരുവായൂർ ക്രാഫ്റ്റ് വില്ലേജ്’ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പദ്ധതിയുടെ നടപ്പാക്കൽ ആവശ്യപ്പെട്ട് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ(എസ്ഇവിഎ)ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദനും വൈസ് ചെയർമാൻ ജ്യോതിരാജിനും നിവേദനം നൽകി.കേരളത്തിന്റെ തനതായ കാർഷിക വിളകൾ,കൈത്തറി,കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടാണ് ക്രാഫ്റ്റ് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്.കേരള കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്,കയർ ബോർഡ്,ബാംബൂ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട ചെറുകിട വ്യാപാരികൾക്ക് ബദൽ സംവിധാനമായി ക്രാഫ്റ്റ് വില്ലേജ് പ്രവർത്തിക്കുമെന്നും,കിഴക്കേ നട മഞ്ജുളാലിന് മുൻവശം മേൽപ്പാലത്തിന് താഴെയുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുന്നതിലൂടെ ക്ഷേത്രപരിസരത്തെ തിരക്ക് നിയന്ത്രിക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഇതോടൊപ്പം തീർത്ഥാടകർക്ക് കേരളത്തിന്റെ കലയും പാരമ്പര്യ കരകൗശല വിദ്യകളും നേരിട്ട് അനുഭവിക്കാവുന്ന പ്രത്യേക ഷോപ്പിംഗ് കേന്ദ്രമായും ക്രാഫ്റ്റ് വില്ലേജ് മാറുമെന്ന് വ്യാപാരികൾ വ്യക്തമാക്കി.നിലവിൽ ശൂന്യമായി കിടക്കുന്ന പാലത്തിന് താഴെയുള്ള പ്രദേശം ക്രാഫ്റ്റ് വില്ലേജായി വികസിപ്പിക്കുന്നതോടെ ശുചിത്വവും സുരക്ഷിതത്വവും വർധിക്കുമെന്നും,മേൽപ്പാല നിർമാണ കാലയളവിൽ കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട കച്ചവടക്കാരുടെ അതിജീവനത്തിന് പദ്ധതി അത്യന്താപേക്ഷിതമാണെന്നും എസ്ഇവിഎ ഭാരവാഹികൾ പറഞ്ഞു.പുതിയ നഗരസഭ ഭരണസമിതി വിഷയത്തിൽ അനുകൂലവും ക്രിയാത്മകവുമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.എസ്ഇവിഎ പ്രസിഡന്റ് അജു എം.ജോണി,സെക്രട്ടറി ഇ.ആർ.ഗോപിനാഥൻ,ട്രഷറർ കെ.ബി.ജയഘോഷ് എന്നിവരോടൊപ്പം ഗിരീഷ്,ബിനീഷ്,വിലാസ് പാട്ടീൽ തുടങ്ങിയ ഭാരവാഹികളാണ് നിവേദനം നൽകിയത്.



Follow us on :

More in Related News