Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ടൗൺ ബൈപ്പാസ് റോഡ് നിർമ്മാണം യാഥാർത്ഥ്യമാകുന്നു

11 Sep 2026 19:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ദീർഘനാളായി മുടങ്ങിക്കിടന്നിരുന്ന കുറവിലങ്ങാട് ടൗൺ ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാവിധ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് കുറവിലങ്ങാട് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയ്യാറാക്കിയ 3.49 കോടി രൂപയുടെ വികസന പദ്ധതി കുറവിലങ്ങാട് ടൗൺ ബൈപ്പാസ് റോഡിനു വേണ്ടി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകിയതായി മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. കുറവിലങ്ങാട് പാറ്റാനി ജംഗ്ഷൻ മുതൽ മുട്ടുങ്കൽ ജംഗ്ഷൻ വരെയുള്ള 1130 മീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ബൈപ്പാസിൽ ഒരുകിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി.സി (B.M & B.C) ഉന്നതനിലവാരത്തിലുള്ള ടാറിങ്ങാണ് നടപ്പാക്കുന്നത്.

കുറവിലങ്ങാട് തോടിന്റെ സൈഡിൽ 160 മീറ്റർ ദൂരത്തിൽ ഗാബിയോൺ റിറ്റൈനിംഗ് വാൾ റോഡ് സംരക്ഷണത്തിനായി നിർമ്മിക്കും. റോഡിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ രണ്ട് കലുങ്കുകളുടെ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഡ്രെയിനേജ് സൗകര്യവും സൈഡ് കോൺക്രീറ്റിങ്ങും നടപ്പാക്കുന്നതാണ്.

ബൈപ്പാസ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്നതിന് 10 ലക്ഷം രൂപയും വാട്ടർ അതോറിറ്റിയുടെ യൂട്ടിലിറ്റി സർവീസ് ആവശ്യങ്ങൾക്ക് വേണ്ടി 2 ലക്ഷം രൂപയുടെ അനുമതിയും വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ സ്മരണക്കായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വിട്ടുകൊടുത്തത് പ്രകാരം അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് 2000-ാം ആണ്ടിൽ ബൈപ്പാസ് റോഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കുകയുണ്ടായി. ഇതിന് ശേഷമാണ് പാറ്റാനി ജംഗ്ഷൻ മുതൽ വൈക്കം റോഡ് ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ച് ടാറിംഗ് നടത്തി ഉപയോഗിക്കാൻ തുടങ്ങിയത്. എന്നാൽ രണ്ടാമത്തെ റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിൽ തുടങ്ങിയപ്പോൾ റോഡ് നിർമ്മാണത്തിന് എതിരായി കേസ് വരികയും ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതേ തുടർന്ന് നിർമ്മാണം പൂർണ്ണമായും മുടങ്ങാൻ ഇടയായി.

2020-ൽ ഹൈക്കോടതി സ്റ്റേ ഒഴിവാക്കി ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കാൻ ഉത്തരവിട്ടു. എന്നാൽ എൽ.ഡി.എഫ് സർക്കാർ പ്രവൃത്തി നടപ്പാക്കാൻ അനുകൂല നടപടി സ്വീകരിക്കാതെ വന്നതുമൂലം ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. തുടർന്ന് അഡ്വ. മോൻസ് ജോസഫ് മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം 2021-ൽ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ച ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് യു.ഡി.എഫ് സർക്കാർ പുതുക്കി പരിഗണിച്ചുകൊണ്ടാണ് ഇപ്പോൾ ബൈപ്പാസ് നിർമ്മാണത്തിന് അനുകൂല സാഹചര്യമുണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ് സർക്കാർ കുറവിലങ്ങാട് ബൈപ്പാസ് റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

കുറവിലങ്ങാട് ടൗണിൽ എം.സി റോഡിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതിന് പുതിയ ബൈപ്പാസിന്റെ പൂർത്തീകരണം സഹായിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഉന്നത നിലവാരത്തിൽ ബൈപ്പാസ് റോഡ് ടാറിംഗ് നടത്താനുള്ള തീരുമാനവും വികസനരംഗത്ത് മുതൽക്കൂട്ടാവുന്നതാണ്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തിയുടെ എഗ്രിമെന്റ് വെച്ചിട്ടുണ്ട്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന "വിഷൻ 2030" പദ്ധതിയിൽ ഉൾപ്പെടുത്തി ഒക്ടോബർ ആദ്യവാരം കുറവിലങ്ങാട് ബൈപ്പാസ് റോഡ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

Follow us on :

More in Related News