Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുര്യാപ്പിള്ളി പാലവും ഉയരം കുറവെന്ന് ആശങ്ക

06 May 2024 10:05 IST

Anvar Kaitharam

Share News :

കുര്യാപ്പിള്ളി പാലവും ഉയരം കുറവെന്ന് ആശങ്ക


പറവൂർ: ദേശീയപാത 66 ൽ നിർമിക്കുന്ന പറവൂർ പാലത്തിൻ്റെ ഉയരക്കുറവ് പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ തൊട്ടപ്പുറം മൂത്തകുന്നത്ത് നിർമ്മിക്കുന്ന കുര്യാപ്പിള്ളി പാലവും ഉയരം കുറഞ്ഞതെന്ന് ആരോപണമുയരുന്നു. ഇതും പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇപ്പോൾ നിർമിച്ചിരിക്കുന്ന തൂണുകൾക്കു നിലവിലുള്ള പാലത്തെക്കാൾ ഉയരം കുറവാണ്. തൂണിൻ്റെ ഉയരം കൂട്ടാതെ ഗർഡർ സ്‌ഥാപിച്ചാൽ, പുതിയ പാലം ഇപ്പോൾ വാഹനങ്ങൾ പോകുന്ന പാലത്തെക്കാൾ താഴ്ന്നു നിൽക്കും. പെരിയാർ പുഴയുടെ കൈവഴി ബണ്ട് കെട്ടി അടച്ചു കെട്ടിയാണ് കുര്യാപ്പിള്ളിയിൽ പാലം പണിയുന്നത്. ഇത് മേഖലയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാനും കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ടു രൂക്ഷമാകാനും കാരണമായി.

1962ൽ പിഡബ്ല്യുഡി പണിത പാലവും 25 വർഷം മുൻപു ദേശീയപാത അതോറിറ്റി പണിത പാലവും ഇവിടെയുണ്ട്. ഈ 2 പാലങ്ങൾക്ക് ഇടയിലാണ് പുതിയ പാലം നിർമിക്കുന്നത്. നിലവിൽ വാഹനങ്ങൾ പോകുന്ന 2 പാലങ്ങളുടെ അടിയിലൂടെ വലിയ വള്ളങ്ങൾക്കു സുഗമമായി കടന്നുപോകാം. ജലസ്രോതസ്സുകൾക്ക് മുകളിലൂടെ നിർമിക്കുന്ന പാലങ്ങൾക്ക് 5 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്ന നിയമം പാലിച്ചു ജലഗതാഗതത്തിനു തടസ്സമില്ലാതെ തന്നെ പുതിയ പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. 2018ലെ പ്രളയത്തിനു ശേഷം ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി കുര്യാപ്പിള്ളി ഭാഗത്തു പുഴയിലെ ചെളി നീക്കി ആഴം കൂട്ടിയിരുന്നു. ബണ്ട് കെട്ടിയുള്ള പാലം പണിയോടെ പുഴ വീണ്ടും നികന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

വിവാദങ്ങളുടെ സാഹചര്യത്തിൽ പറവൂർ പാലം നിർമാണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്‌ടർ നൽകുന്ന റിപ്പോർട്ട് കലക്ടർ പരിശോധിച്ച ശേഷമാകും പുനരാരംഭിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക. അതിനാൽ, ബന്ധപ്പെട്ട അധികൃതർ കുര്യാപ്പിള്ളി പാലം നിർമാണം ഉടൻ പരിശോധിക്കണമെന്നാണ് ആവശ്യം.

Follow us on :

Tags:

More in Related News