Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 18:17 IST
Share News :
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടക്കുമെന്ന് സർക്കാർ തുടക്കം മുതല്‍ വ്യക്തമാക്കിയ ഒരു കാര്യമാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ, അന്വേഷണം ശക്തിപ്പെടുത്താനുള്ള എല്ലാ പിന്തുണയും നല്‍കുക എന്നതാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഹൈക്കോടതി അടക്കം ഇടപെട്ടുകൊണ്ടുള്ള അന്വേഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നല്ല കൃത്യതയോടെയുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും ഇതില്‍ പൊതുവേ മതിപ്പ് രേഖപ്പെടുത്തുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാന്‍ നോക്കണ്ടെന്നും അവര്‍ അങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഒരു സര്‍വ്വദേശീയ സംഘടനയാണെന്നും ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും അവര്‍ക്കുള്ളത് ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ലാ മതവിശ്വാസികളും അവരെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മും എല്‍ഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവര്‍ കറകളഞ്ഞ വര്‍ഗീയവാദികളാണ് എന്ന നിലപാടാണ് നേരത്തേയും ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സംസ്ഥാനത്തുള്ള പല കാര്യങ്ങളിലും ഇഡിയുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട് എന്നുള്ളത് നേരത്തെയുള്ള അനുഭവമാണെന്നും അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഇഡി ഇടപെടലിനായി ബിജെപി ശ്രമിക്കുന്നുണ്ട് എന്ന് ചോദ്യമുര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നടപടി. ഇവിടെ അന്വേഷണം കൃത്യമായ രീതിയില്‍ നടക്കുമ്പോള്‍ മറ്റേതെങ്കിലും ഒരു അന്വേഷണ ഏജന്‍സി അതിന്റെ ഭാഗമായി ഇടപെടേണ്ടി വരില്ല. ഇത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമായതുകൊണ്ട് തന്നെ കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, മറ്റ് ഉദ്ദേശങ്ങളോടെ ഇഡി പോലുള്ള ഏജന്‍സികള്‍ ഇടപെടാന്‍ ശ്രമിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്, ഇത് മുന്‍പും നമ്മള്‍ കണ്ടതുമാണ്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞവര്‍ പോലും പിന്നീട് ഈ അന്വേഷണ സംവിധാനത്തെ അംഗീകരിക്കുന്ന നില കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ പരമോന്നത നേതാക്കള്‍ അടക്കം ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോകുന്നത് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് ലീഗാണെന്നും എങ്ങനെയെങ്കിലും കുറച്ച് വോട്ട് കിട്ടാന്‍ വേണ്ടിയുള്ള നടപടികളാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അവര്‍ക്ക് സംസാരിക്കാന്‍ ഒരു അവസരം തരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് കണ്ടിട്ടുണ്ട്. എങ്കിലും, ആ കൂടിക്കാഴ്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ നേതാക്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍, അവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധര്‍ എന്ന് താന്‍ മുഖത്തുനോക്കി ചോദിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.