Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 12:12 IST
Share News :
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തും ഓണാശംസ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും ഓണം ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓണാശംസ
ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്.
ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം.
എല്ലാവർക്കും ഓണാശംസകൾ!
Follow us on :
Tags:
More in Related News
Please select your location.