Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനക്കുളങ്ങര കെവിയുപി സ്‌കൂളില്‍ ചാറ്റ് ബോട്ട് എഐ കൃഷ്ണ

20 Feb 2025 22:48 IST

ENLIGHT REPORTER KODAKARA

Share News :



കൊടകര: വിദ്യാഭ്യാസ ലോകത്ത് വലിയ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് എഐ കൃഷ്ണ'. സഹൃദയ എന്‍ജിനിയറിങ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച് ചാറ്റ്‌ബോട്ട് പഠനരീതിയെ നവീകരിക്കുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ്. മലയാളത്തിലും ഇംഗ്ലീഷിലും പ്രവര്‍ത്തിക്കുന്ന എഐ കൃഷ്ണ വിദ്യാര്‍ഥികള്‍ക്ക് ശബ്ദം ഉപയോഗിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ശബ്ദത്തിലും എഴുത്തായും ഉത്തരം ലഭിക്കാനുമുള്ള സംവിധാനം ഒരുക്കുന്ന തരത്തിലുള്ളതാണ്. ഇത് പഠനം കൂടുതല്‍ എളുപ്പമാക്കുകയും വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യും.എഐ കൃഷ്ണ' അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ സഹായിക്കും. അധ്യാപകര്‍ക്ക് ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പലവട്ടം മറുപടി നല്‍കേണ്ടതില്ല. പകരം എഐ കൃഷ്ണ ചോദ്യങ്ങള്‍ക്ക് തല്‍ക്ഷണം ഉത്തരം നല്‍കും. ഇതിലൂടെ അധ്യാപകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുകയും പഠന നിലവാരം ഉയര്‍ത്താനും കഴിയും.മനക്കുളങ്ങര യുപി സ്‌കൂളിലാണ് എഐ കൃഷ്ണ' ആദ്യമായി നടപ്പാക്കുന്നത്. 315 വിദ്യാര്‍ഥികളും 15 അധ്യാപകരും ആറ് അനധ്യാപകരും  ഉള്ള സ്‌കൂളിന് ഈ ചാറ്റ് ബോട്ട് സഹായകരമാകും. പ്രധാനാധ്യാപിക പി.എസ്.സീമ സ്‌കൂള്‍ മാനേജര്‍ ബി. സദാനന്ദന്‍  എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് എഐ എത്തുന്നത്. ആദ്യ ഘട്ടത്തില്‍ മനക്കുളങ്ങര സ്‌കൂളില്‍ എത്തുന്ന ചാറ്റ് ബോട്ട് കൂടുതല്‍ സ്‌കൂളുകളിലേക്ക് പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എഐ കൃഷ്ണ വികസിപ്പിച്ചെടുത്ത ടീം. മനക്കുളങ്ങര യുപി സ്‌കൂളിലെ കെ.സനല്‍ ,സഹൃദയ എന്‍ജിനിയറിംഗ് കോളജിലെ അധ്യാപകരായ ഡോ. എസ്.ആശ ,ഡോ. എസ്.മനീഷ്ശങ്കര്‍ , വിദ്യാര്‍ഥികളായ അബേല്‍ ജോസ്, എ.കുരിയന്‍ ടോണി, മാത്യൂ ജീജോ, ഷയന്‍ തോമസ്, മിഷാല്‍ ഷാനവാസ് എന്നിവരാണ് ചാറ്റ്‌ബോട്ട് രൂപകല്‍പ്പന ചെയ്തത്. ഒരു ചെറിയ ആശയമായി ആരംഭിച്ച എഐ കൃഷ്ണ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയൊരു കൈത്താങ്ങായി മാറുകയാണ്. ഭാവിയില്‍ കൂടുതല്‍ സ്‌കൂളുകള്‍ക്കായി ഇത് വികസിപ്പിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യം. ശനിയാഴ്ച വൈകുന്നേരം മനക്കുളങ്ങര സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എഐ കൃഷ്ണയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും .


Follow us on :

More in Related News