Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍

27 Sep 2024 10:56 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2024 മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ നടക്കും. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 92 സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മൂന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളില്‍ 140 ഇനങ്ങളിലാണ് മത്സരം നടക്കുക. വിജയികളാകുന്നവര്‍ക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. 28 ന് രചന മത്സരങ്ങളും ഒക്ടോബര്‍ 3ന് ബാന്‍ഡ് ഡിസ്‌പ്ലേ മത്സരവും 7,8,9 തീയതികളില്‍ മറ്റു മത്സരങ്ങളും നടക്കും.


കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. പോള്‍ ചൂരത്തൊട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കുട്ടികളുടെ നാനാവിധ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന അംഗീകൃത സി.ബി.എസ്.ഇ. സ്‌കൂളുകളുടെ ക്ലസ്റ്റര്‍ ആണ് സഹോദയ എന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങള്‍ അനുകമ്പാപൂര്‍ണമാകണമെന്ന കാഴ്ചപ്പാടോടെ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിലെ സാമൂഹ്യ സേവന വിഭാഗം അര്‍ഹരായ ഡയാലിസിസ് രോഗികള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ചികിത്സാസഹായം ഇതോട് അനുബന്ധിച്ച് നല്‍കും.


28 ന് രചനാമത്സരങ്ങളില്‍ 44 ഇനങ്ങളിലായി 1200 ഓളം പ്രതിഭകള്‍ പങ്കെടുക്കും. ഒക്ടോബര്‍ 3 ന് രാവിലെ 10.30 ന് ബാന്‍ഡ് ഡിസ്‌പ്ലേ മത്സരം നടക്കും. കലോത്സവത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് 2 ന്

നിര്‍മല പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന കലാകേളി അരങ്ങേറും. 4 ന് രാവിലെ 11 ന് നിര്‍മല പബ്ലിക് സ്‌കൂളില്‍ സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.


എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. മെര്‍ലിന്‍ എഫ്.സി.സി., ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചുരത്തൊട്ടി, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ഹെഡ്മിസ്ട്രസ് സി. ലിജിയ എഫ്.സി.സി., പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി, എം.പി.ടി.എ. പ്രസിഡന്റ് മഞ്ജു സുലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സ സഹായമായി നല്‍കുന്ന തുകയുടെ ചെക്ക് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറും.


9 ന് വൈകിട്ട് 4.45 ന് നടക്കുന്ന സമാപന സമ്മേളനം കോത മംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. മിമിക്രി ആര്‍ട്ടിസ്റ്റ് ജോബി പാല വിശിഷ്ടാതിഥിയാകും. സഹോദയ സെക്രട്ടറി ജൈന പോള്‍ പ്രസംഗിക്കും. സഹോദയ വൈസ് ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ പാലപ്പളളി, സിസ്റ്റര്‍ ലിജിയ എഫ്.സി.സി., അഡ്വ. സി.വി. ജോണി, എം.എസ്. ബിജു, ജിന്‍സി ജോര്‍ജ്, ജെയ്ബി കുരുവിത്തടം തുടങ്ങിയ വരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News