Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെപ്പറ്റൈറ്റിസ് തടയാന്‍ ജാഗ്രതവേണം

10 May 2024 11:37 IST

R mohandas

Share News :

കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്‌ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍ എതെങ്കിലുമാണ് പകരുക. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി, സി, ഡി രക്തം, ശരീരസ്രവങ്ങള്‍ എന്നിവയില്‍ക്കൂടിയുമാണ് പകരുന്നത്. ബി, സി എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ ജാഗ്രത വേണ്ടത്.  

ഹെപ്പറ്റൈറ്റിസ് ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ ക്യാന്‍സര്‍ എന്നീ ഗുരുതരരോഗങ്ങള്‍ക്കിടയാക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും വൈറസ്ബാധ അപകടകരമാണ്. രോഗസാധ്യത കൂടുതലുള്ളവര്‍ രക്തപരിശോന നടത്തണം. എച്ച്.ഐ.വിക്ക് സമാനമായ പകര്‍ച്ചാ രീതിയാണ് ബി, സി എന്നിവയ്ക്ക്.

ചികിത്സയുടെ ഭാഗമായി രക്തവും, രക്തോല്‍പന്നങ്ങളും ഇടക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികള്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവര്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍, രക്തവും, രക്തോല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, പച്ചകുത്തുന്നവര്‍ (ടാറ്റു) എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലായതിനാല്‍പരിശോധനയ്ക്ക് വിധേയരാകണം. ഡെന്റല്‍ ക്ലിനിക്, ബ്യൂട്ടി പാര്‍ലറുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണം. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഷേവിങ് ഉപകരണങ്ങള്‍, ടാറ്റു ഷോപ്പിലെ ഉപകരണങ്ങള്‍ എന്നിവ ഓരോ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.

കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ ചികിത്സ സൗജന്യമായി ലഭിക്കും. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് പട്ടിക പ്രകാരമുള്ള കുത്തിവെയ്പ്പ് നല്‍കണം. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് ഹെപ്പറ്റെറ്റിസ് ബി വാക്സിന്‍ നല്‍കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് 6,10,14 ആഴ്ചകളില്‍ നല്‍കുന്ന പൊന്റാവാലന്റ് വാക്‌സിനില്‍ ഹെപ്പറൈറ്റിസ് ബി വാക്‌സിനും അടങ്ങിയിട്ടുണ്ട് എന്ന് ഡി. എം. ഒ അറിയിച്ചു

Follow us on :

More in Related News