Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്. വിജ്ഞാപനം ജൂലൈ-4 ന്

03 Jul 2024 12:03 IST

R mohandas

Share News :

കൊല്ലം: ജില്ലയില്‍ ആകസ്മിക ഒഴിവുവന്ന നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാളെ (ജൂലൈ 4) വിജ്ഞാപനം പുറപ്പെടുവിക്കും. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലിയൂര്‍വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ കുമരംചിറ, കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ജൂലൈ 11വരെ സമര്‍പിക്കാം. സൂക്ഷ്മ പരിശോധന 12ന്. പിന്‍വലിക്കാനുള്ള അവസാന തീയതി-15. വോട്ടെടുപ്പ് 30ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ. 31 ന് രാവിലെ 10 മണിമുതലാണ് വോട്ടെണ്ണല്‍.

പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.

 ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയാണ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുകയും. അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 25,000 രൂപയാണ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവിന്റെ പരിധി.

Follow us on :

More in Related News