Thu May 29, 2025 9:03 PM 1ST

Location  

Sign In

ആൺകുട്ടികൾ ചൂലെടുക്കുന്നത് വീടിന്റെ ഐശ്വര്യം: കെ ആർ മീര

26 Jan 2025 10:01 IST

enlight media

Share News :

ഒരു ആൺകുട്ടിയെ വളർത്തി വലുതാക്കി ഒന്നിനും കൊള്ളാത്തവനായി സമൂഹത്തിലേക്കിറക്കി വിടുന്ന പ്രബുദ്ധ മലയാളിയുടെ വളർത്തുരീതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ കെ ആർ മീര. എഴുത്തുകാരിയും എഡിറ്ററുമായ ഷൈനി ആന്റണിയുമൊത്തു നടന്ന സേഷനിൽ സംസാരിക്കുകയായിരുന്ന മീര, "ആൺകുട്ടികൾ ചൂലെടുക്കുന്നത് വീടിന്റെ ഐശ്വര്യമാണ് " എന്ന് ഹാസ്യരൂപത്തിൽ പ്രസ്താവിച്ചു.


എഴുതിയ എല്ലാ കഥാപാത്രങ്ങളിലൂടെയും അതാത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന തന്നെത്തന്നെയാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നതെന്നും ആയതിനാൽ കഥാപാത്രങ്ങൾ വ്യത്യസ്തമെങ്കിലും അവതമ്മിൽ ആന്തരികമായ സാമ്യത സാധ്യമാണെന്നും മീര കൂട്ടിച്ചേർത്തു.


സ്ത്രീകൾ കേന്ദ്ര കഥാപാത്രമാകുന്ന കഥകൾ മാത്രമെന്തിനാണ് രചിക്കുന്നത് എന്ന പതിവു ചോദ്യത്തിന്, 'ലോകമുണ്ടായ കാലം തൊട്ട് പുരുഷകേന്ദ്രീകൃത കൃതികൾ നമ്മൾ വായിച്ചു മടുത്തില്ലേ, ഇനിയെങ്കിലും സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകട്ടെ' എന്ന തന്റെ നിലപാടിന് ഊന്നൽ നൽകിക്കൊണ്ട് സമൂഹത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീകൾക്കു നേരെയുള്ള അസമത്വ നിലപാടുകളെ മീര ചോദ്യം ചെയ്തു.


തന്റെ കഥകൾ, ആൺകുട്ടികളെ നല്ല മനുഷ്യരാക്കാനും ആളുകളെ ജീവിതത്തിലെ പല ശക്തമായ നിലപാടുകളെടുക്കുവാനും പ്രാപ്തരാക്കിയെന്നറിയുന്നതിലുള്ള തന്റെ സന്തോഷം മീര പങ്കുവെച്ചു. മരം മുറിക്കുവാൻ ഉപയോഗിക്കുന്ന മഴുവിന്റെ തടിയെടുക്കുന്നതും മരത്തിൽ നിന്നുതന്നെയാണെന്ന വളരെ ലളിതമായ ഉപമയിലൂടെ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാൻ സ്ത്രീയെ തന്നെയുപയോഗിക്കുന്ന പ്രാകൃത മനോഭാവത്തെ മീര ചോദ്യം ചെയ്തു.


എന്താണ് സ്വാതന്ത്ര്യമെന്നും അതനുഭവിക്കുമ്പോഴുണ്ടാകുന്ന ആനന്ദമെന്തെന്നും തിരിച്ചറിയാനായാൽ സ്ത്രീകളുടെ ചിന്താഗതികളിൽ മാറ്റം വരുമെന്നും ഇരകളെ ആക്രമിക്കാൻ ഇരകളെത്തന്നെയുപയോഗിക്കുന്ന സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നും പുറത്തുകടക്കാനാവുമെന്നും മീര കൂട്ടിച്ചേർത്തു.

Follow us on :

More in Related News