Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നുവെന്ന് അര്‍ജുന്റെ കുടുംബം. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്...സൈബര്‍ അറ്റാക്ക് രൂക്ഷം

03 Oct 2024 09:23 IST

- Shafeek cn

Share News :

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാര്‍ത്ത സമ്മേളനത്തിന് ശേഷമാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിന്‍ പറഞ്ഞു. 


മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ മകന്‍ അയാനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് അദ്ദേഹത്തിന്റെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.


ഈശ്വര്‍ മാല്‍പെയ്ക്കെതിരെയും കുടുംബം രംഗത്തെത്തി. 'മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു,' കുടുംബം പറഞ്ഞു. മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അര്‍ജുനെ കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളിയാണ് മനാഫ് രംഗത്തെത്തിയത്. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. 


തന്റെ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ത്ഥമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇനി ആ യൂട്യൂബ് ചാനല്‍ ഞാന്‍ ഉഷാറാക്കും. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കില്‍ ധൈര്യത്തിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറഞ്ഞിരുന്നു.

Follow us on :

More in Related News