Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളികളുടെ മക്കളെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കും വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും സജ്ജരാക്കുന്ന വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

13 Jun 2024 19:08 IST

Jithu Vijay

Share News :

മലപ്പുറം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കും വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും സജ്ജരാക്കുന്ന വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സിവില്‍ സര്‍വ്വീസ്, റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോറം പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പൊന്നാനി/ പുറത്തൂര്‍/ വെട്ടം/ താനൂര്‍/ പരപ്പനങ്ങാടി മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. https://fisheries.kerala.gov.in എന്ന വെബ്‍സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും അപേക്ഷാ ഫോറം ഉപയോഗിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഫിംസ് ഐ.‍ഡിയുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജൂണ്‍ 25 ന് മുമ്പായി മേല്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.   


ഹയര്‍ സെക്കന്ററി/ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41% മാര്‍ക്ക് ലഭിച്ചവരോ ആയ വിദ്യാര്‍ത്ഥികള്‍ക്കാണ് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത. 


ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനത്തിനും അപേക്ഷിക്കാം. തിരുവനന്തപുരം പ്ലാമൂടുള്ള സിവില്‍ സര്‍വ്വീസ് അക്കാദമി മുഖേനയാണ് സിവില്‍ സര്‍വ്വീസ് പരിശീലനം. അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരായിരിക്കണം.  


ഹയര്‍ സെക്കന്ററി/ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോ അതിന് മുകളിലോ നേടി വിജയിച്ചവര്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0494-2666428.

Follow us on :

More in Related News