Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയോഗ്യതക്കെതിരെ അപ്പീൽ; വിനേഷ് ഫോഗട്ടിനായി കോടതിയിൽ ഹാജരാകുന്നത് സുപ്രിം കോടതി അഭിഭാഷകൻ

09 Aug 2024 10:37 IST

- Shafeek cn

Share News :

ഡൽഹി: അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് അന്താരാഷ്ട്ര കായിക കോടതി പരിഗണിക്കും. താരത്തിനായി ഹാജരാകുന്നത് സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് വെള്ളിയാഴ്ച സാൽവെ കോടതിയിലെത്തുന്നത്. കേസിൽ നിയമപരവും നടപടിക്രമപരവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സാൽവെയുടെ വൈദഗ്ധ്യം നിർണായകമാകും. മുൻ ഇന്ത്യൻ സോളിസിറ്റർ ജനറൽ കൂടിയാണ് സാൽവെ. ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിൻറെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം തുടങ്ങും.


ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലിൽ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയിൽ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മൻ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിൻറെ ഫൈനൽ പ്രവേശം. വമ്പൻ താരങ്ങളെയെല്ലാം മലർത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സിൽ കുറിച്ചിരുന്നു.

Follow us on :

More in Related News