Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 08:00 IST
Share News :
കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.)യിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) രൂപം നൽകിയതായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലഹരിവിരുദ്ധ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായാണ് വടകര പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ പിടിയിലായത്.
സാധാരണ ലഹരിക്കേസിനപ്പുറം വലിയ ശൃംഖലയാണ് കേസിന് പിന്നിലുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എംഡിഎംഎയുടെ ഉറവിടവും പണമിടപാടുകളും ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും റൂറൽ എസ്.പി. വ്യക്തമാക്കി.
എംഡിഎംഎ കേസിൽ ആദ്യം അറസ്റ്റിലായ എസ്.എസ്.കെ. സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് പേരാമ്പ്ര ബി.ആർ.സി. പ്രോജക്ട് ഓഫീസർ ഷാജിമ് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകിയത് കീർത്തനയാണെന്നും അദ്ദേഹം പറഞ്ഞു. കീർത്തന അറസ്റ്റിലായ ശേഷവും രണ്ടാമത്തെ പ്രതിയായ കാവ്യ ജോലിക്ക് എത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി കെ. കാവ്യയെയുംവിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബി.ആർ.സിയിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പണമെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതേ കേസിൽ മരുതോങ്കര സ്വദേശിനിയായ കീർത്തനയെയും നേരത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബി.ആർ.സിക്ക് മുന്നിൽ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഉപരോധ സമരം നടത്തി. വിദ്യാഭ്യാസ മേഖലയിലെ ലഹരി ബന്ധം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.