Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 19:26 IST
Share News :
മലപ്പുറം : പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായര്‍ നല്‍കിയ പരാതിയില്‍ ഫ്യൂച്ചർ ജനറാലി ഇന്‍ഷുറൻസ് കമ്പനിക്കെതിരെയാണ് വിധി.
84 വയസുള്ളപ്പോഴാണ് വേലായുധൻ നായർ 60,694 രൂപ നൽകി ഇന്‍ഷുറൻസ് പോളിസിയെടുത്തത്. ഈ പോളിസി പ്രാബല്യത്തിലുള്ളപ്പോൾ ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചികിത്സാ ചെലവിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. പോളിസി എടുത്ത കാലത്തു തന്നെ രക്തസമ്മർദ്ദമുണ്ടായിരുന്നയാളാണെന്നും അത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. അതുകൊണ്ട് ഇൻഷ്യുറൻസ് നൽകാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. ആശുപത്രിയിലെ ചികിൽസാ ചെലവുകൾ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമർപ്പിച്ചത്.
84 വയസ്സുള്ളയാൾക്ക് മെഡിക്കൽ പരിശോധന കൂടാതെ ഇന്‍ഷുറന്‍സ് അംഗത്വം നൽകിയ ശേഷം ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മീഷൻ വിധിച്ചു. പ്രായം പരിഗണിച്ചു നൽകുന്ന ഇത്തരം പോളിസികൾ ജീവിതശൈലീ രോഗങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിക്കുന്നത് സേവനത്തിലുള്ള വീഴ്ചയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ചികിൽസാ ചെലവിലേക്ക് 2,37,274 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം നല്‍കണം. ഹരജി തീർപ്പുകൽപ്പിക്കും മുമ്പ് പരാതിക്കാരനായ വേലായുധന്‍ നായര്‍ മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ അവകാശികള്‍ക്കാണ് തുക നല്‍കേണ്ടതെന്നും കെ.മോഹൻദാസ് പ്രസിഡന്റും, പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഇതിൽ വീഴ്ച വന്നാൽ ഒമ്പത് ശതമാനം പലിശയും നൽകണം.
Follow us on :
Tags:
More in Related News
Please select your location.