Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി - മാലിന്യമുക്ത കോട്ടയത്തിനായി ജില്ലാ പഞ്ചായത്ത്: ലഹരി രഹിതമാകാൻ അക്ഷരമുറ്റം; മാലിന്യമുക്തമാകാൻ ഐ ലവ് കോട്ടയം

19 Mar 2025 00:38 IST

CN Remya

Share News :

കോട്ടയം: ലഹരി-മാലിന്യമുക്ത കോട്ടയത്തിനായി ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ്. കാൻസർ പ്രതിരോധത്തിനും വന്യജീവി ആക്രമണം നേരിടാനും പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിവെള്ള പദ്ധതികൾ, ക്ഷീരമേഖല, മത്സ്യകൃഷി പ്രോത്സാഹനം, മൃഗ സംരക്ഷണം, സ്ത്രീശാക്തീകരണ പദ്ധതികൾ,

സാമൂഹ്യസുരക്ഷാ പദ്ധതികൾ, ദാരിദ്ര്യലഘൂകരണം, ശുചിത്വ പദ്ധതികൾ, വനിത-ശിശു-വയോജന മേഖലാ പദ്ധതികൾ, ഭിന്നശേഷിക്കാർക്ക് സംരക്ഷണ പദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അവതരിപ്പിച്ചത്. നിലവിലെ ഭരണസമിതിയുടെ അഞ്ചാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. 144.77 കോടി രൂപയുടെ വരവും 142.87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  


'ലഹരി രഹിത അക്ഷരമുറ്റം'

ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കും. സ്‌കൂളുകളിലും പൊതു ഇടങ്ങളിലും വിവിധ വകുപ്പുകളും ജില്ലാ പഞ്ചായത്തും സഹകരിച്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് കൂടുതൽ കരുത്ത് പകരുന്നതിനും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജില്ലയിലെ വിവിധവകുപ്പുകൾ സഹകരണത്തോടെ ലഹരി വിമുക്ത പ്രോഗ്രാം നടപ്പാക്കും.



ഐ ലവ് കോട്ടയം

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിക്കാൻ 'ഐ ലവ് കോട്ടയം' പദ്ധതി നടപ്പാക്കും. വിവാഹങ്ങളും സൽക്കാരങ്ങളും നടക്കുന്ന ഓഡിറ്റോറിയങ്ങളിലെ ഭക്ഷണമാലിന്യം സംസ്‌കരിച്ചു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റും. സൈപ്‌റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വാങ്ങി നൽകും. ഡബിൾ ചേമ്പർ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് വിഹിതം നൽകും.


മറ്റു പ്രധാനബജറ്റ് പ്രഖ്യാപനങ്ങൾ

കെ.എം. മാണി സ്മാരക പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റേഡിയേഷൻ യൂണിറ്റ് സ്ഥാപിക്കാൻ തുക വകയിരുത്തും. സെർവിക്കൽ ക്യാൻസർ നിർമാർജനം ചെയ്യുന്നതിനായി ഒൻപതു മുതൽ 14 വയസ് വരെയുള്ള വിദ്യാർഥിനികൾക്കായി വാക്‌സിൻ നൽകുന്നതിനായി 'ക്യാൻ റൈസ്' എന്ന പേരിൽ സെർവിക്കൽ ക്യാൻസർ നിർമാർജന യജ്ഞം നടപ്പാക്കും. ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. മുൻ എം.എൽ.എ. കാനം രാജേന്ദ്രന്റെ സ്മരണാർഥം സി.പി.ആർ. പരിശീലന പരിപാടി നടപ്പാക്കും. പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കും വിദ്യാർഥിനികൾക്കും ജനപ്രതിനിധികൾക്കും ആശാ വർക്കർമാർക്കും പരിശീലനം നൽകും. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി പ്രശ്‌നം നേരിടുന്ന ഗ്രാമപഞ്ചായത്തുകളിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കും.


റബർ മേഖലയ്ക്കായി ആർ.പി.എസ്. സൊസൈറ്റി മുഖേന നിർമിക്കുന്ന ഉൽപന്നങ്ങൾക്കു സബ്‌സിഡി നൽകുന്ന പദ്ധതി നടപ്പാക്കും. റബർ കൊണ്ടുള്ള ഗ്രോ ബാഗ് നിർമിക്കുന്നതിന് സബ്‌സിഡി നൽകും. തരിശ്‌നില കൃഷിക്ക് സബ്സിഡി ജില്ലാ പഞ്ചായത്ത് വിഹിതമായി നൽകും. സ്ഥിര മായി നെൽകൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി അനുവദിക്കും. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് സോളാർ പമ്പിനും ട്രാൻസ്‌ഫോർമർ വെർട്ടിക്കൽ ആക്‌സിയൽ ഫ്‌ളോ പമ്പ് സ്ഥാപിക്കുന്നതിനും തുക വകയിരുത്തും. മണ്ണ് പരിശോധനയ്ക്കായി മൊബൈൽ മണ്ണു പരിശോധനാലാബ് സജ്ജമാക്കും. ക്ഷീരകർഷകർക്ക് റിവോൾവിംഗ് ഫണ്ട് നൽകും. കാലിത്തീറ്റ സബ്സിഡി, മിൽക്ക് ഇൻസെന്റീവ്, ക്ഷീരകർഷകർക്ക് ഇൻഷുറൻസ് എന്നിവ നടപ്പാക്കും.


മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും. വീട്ടുവളപ്പിലെ പടുതാക്കുളത്തിലെ മത്സ്യകൃഷിക്കും സഹായം നൽകും. പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. കോഴാ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് നാടിനായി സമർപ്പിക്കും. മൂല്യവർധിത ഉൽപന്നങ്ങളിൽ താൽപര്യമുള്ള ഗ്രൂപ്പുകൾക്ക് ഈ കേന്ദ്രത്തിൽ സംവിധാനം ഒരുക്കും. സ്റ്റാർട്ടപ്പ് മേഖലയിലെ സംരംഭങ്ങൾക്കും വനിതാ വ്യവസായ സംരംഭങ്ങൾക്കുമായി ഇൻകുബേഷൻ സെന്റർ തുടങ്ങും.

ഠ വിജ്ഞാന വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൈപുണ്യവികസന പരിശീലന പദ്ധതി 'വഴികാട്ടി' എന്ന പേരിൽ സംഘടിപ്പിക്കും.

Follow us on :

More in Related News