Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണോ. കൈ കൊടുക്കാത്തവര്‍ ഒടുവില്‍ കാല് പിടിക്കേണ്ടി വരും; സരിനോട് രാഹുല്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍

04 Nov 2024 12:41 IST

Shafeek cn

Share News :

പാലക്കാട്: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് ഹസ്തദാനം നല്‍കാതിരുന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കാളായ ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയും വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സരിനോട് ഇരു നേതാക്കളും കാണിച്ചത് ക്രൂരതയാണ്. ഇത്തരം പ്രവര്‍ത്തികള്‍ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണോ എന്നും അദ്ദേഹം ചോദിച്ചു.


കെ സുധാകരനും പിണറായി വിജയനും കൈകൊടുത്തു. അതാണ് രാഷ്ട്രീയ സംസ്‌കാരം. കൈകൊടുക്കാത്തവര്‍ പിന്നീട് കാല് പിടിക്കേണ്ടി വരും. അഹംഭാവത്തിന് ഒരു പരിധിയുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അയിത്തം കല്‍പ്പിക്കുന്നത് എന്തിനാണെന്നും എ കെ ബാലന്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാന്യത പഠിക്കണമെന്നും സരിനോട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ക്ഷമ ചോദിക്കാത്ത പക്ഷം പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു രാഷ്ട്രീയ മര്യാദയുണ്ട്. ഇടതുപക്ഷം കൈ കൊടുക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.


ബിജെപിക്കെതിരേയും എ കെ ബാലന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കള്ളപ്പണത്തിന്റെ കേന്ദ്രമാണ് ബിജെപി. ബിജെപിക്ക് ഉള്ളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുള്ളിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിനെ വിമര്‍ശിക്കുന്നയാളാണെങ്കിലും സന്ദീപ് വാര്യരോട് ഒരു വെറുപ്പുമില്ല. ഒരു വ്യക്തി എന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്. മറ്റ് കാര്യങ്ങളില്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അതൃപ്തികള്‍ക്ക് പിന്നാലെ സന്ദീപ് വാര്യര്‍ ബിജെപി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.


സിപിഐഎം ആരെയും ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. മനംനൊന്ത് മടുത്ത് അനുഭാവികളും നേതാക്കന്മാരും ഇടതുപക്ഷത്തേക്ക് വരും. സന്ദീപ് വാര്യരുമായി സംസാരിച്ചിട്ടില്ല. സന്ദീപ് വാര്യരുമായി സംസാരിച്ചിട്ടില്ല. സന്ദീപ് വാര്യര്‍ ശക്തമായ നിലപാട് എടുത്തതാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമുള്ളയാളായിരുന്നു സന്ദീപ്. മാറ്റത്തിന് അവരുടെ മനസ് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം ബിജെപി നേതാവിന്റെ മകളുടെ കല്യാണ ചടങ്ങിനിടെയായിരുന്നു പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനും കണ്ടുമുട്ടിയത്. വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍ ഇരുവരുമായും ഹസ്തദാനത്തിന് ശ്രമിച്ചു. എന്നാല്‍ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. 'ഷാഫീ ഷാഫീ ഞാനിപ്പുറത്തുണ്ട്' എന്ന് പറയുന്ന സരിനോട് 'ആ അപ്പുറത്ത് തന്നെ ഉണ്ടാകണം' എന്നായിരുന്നു ഷാഫിയുടെ പ്രതികരണം. കൈകൊടുക്കാതെ തിരിച്ചുനടന്ന ഷാഫിയെ നോക്കി അയ്യേ മോശമാണ് ഇതൊക്കെ എന്നും സരിന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം


Follow us on :

More in Related News