Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2024 22:50 IST
Share News :
ദോഹ: വെള്ളിയാഴ്ചത്തെ ദോഹ -കോഴിക്കോട് വിമാന സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രി ഏഴരക്ക് ശേഷമാണ് യാത്രക്കാരെ മെയിൽ വഴി അറിയിക്കുന്നത്. മറ്റൊരു വഴി കണ്ടെത്താൻ സാവകാശം നൽകാതെയുള്ള അപ്രതീക്ഷിതമായ അറിയിപ്പ് യാത്രക്കാർക്ക് ഇരുട്ടടിയായി.
അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ
പിടിപ്പുകേടുമൂലം പ്രയാസത്തിലായിരിക്കുന്നത്. യാത്ര മുടങ്ങിയ പലരും മറ്റ് വിമാനക്കമ്പനികൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര നടത്താൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് പ്രയാസത്തിലാക്കി. എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് പെട്ടെന്ന് റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് മസ്കത്തിൽ എത്തുന്ന വിമാനവും മസ്കത്തിൽ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് ഉച്ചക്ക് 12.10ന് കോഴിക്കോട് എത്തുന്ന വിമാനവും റദ്ദാക്കി. മസ്കത്തിൽനിന്ന് ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും മുടങ്ങിയിരുന്നു. പ്രവാസികളുടെ യാത്രാ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമില്ലാതെ തുടരുകയാണ്. വിമാന സർവിസ് പെട്ടെന്ന് റദ്ദാക്കി യാത്രക്കാരെ പ്രയാസത്തിലാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും വിവാഹം, മരണം, മറ്റു അടിയന്തരാവശ്യങ്ങൾ എന്നിവക്കായി പോകുന്നവർക്ക് നികത്താൻ കഴിയാത്ത നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ പറഞ്ഞു.
ഇത്തരം നടപടികൾ ആദ്യമായിട്ടൊന്നുമല്ല എയർ ഇന്ത്യ എക്സപ്രസ്സ് വിമാന കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. യാത്രക്കാർ വിമാനത്താവളത്തിലെത്തി അവസാന നിമിഷത്തിൽ വിമാനം റദ്ദ് ചെയ്തുവെന്നെറിയിക്കുന്ന യാത്രക്കാരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ചെയ്തികൾ പ്രതിഷേധാർഹമാണ്. വിമാന കമ്പനികളുടെ ഇത്തരം കെടും കാര്യസ്ഥതക്കെതിരെ സ്വദേശത്തും വിദേശത്തുമുള്ള സമാന ചിന്താഗതിക്കാരായ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹത്തിന് വേണ്ടി നിയമ നടപടികൾ ഉൾപ്പടെയുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്ന് കെ.എം.സി.സി. ഖത്തർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.