Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കഞ്ചേരി ടൗണിലെ അനധികൃത പാര്‍ക്കിംഗിനെതിരേ ഇന്നുമുതല്‍ നടപടി

10 Dec 2024 07:42 IST

Jithu Vijay

Share News :


വടക്കഞ്ചേരി: കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം നേരെയാക്കാൻ രണ്ടുവർഷം മുമ്ബ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ടൗണിലെ അനധികൃത പാർക്കിംഗിനെതിരെ ഇന്നുമുതല്‍ നടപടി തുടങ്ങും.

ആദ്യ ദിവസങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. ആവശ്യമുള്ളിടത്ത് ബോർഡുകള്‍ സ്ഥാപിക്കും. തുടർന്ന് പിഴചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളെടുക്കാൻ ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു.


ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവർത്തനമുണ്ടാകും. നടപടികളിലേക്ക് നീങ്ങുമ്ബോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും ഒഴിവാക്കുന്ന പതിവുശീലം ഉണ്ടാകരുതെന്ന് യോഗത്തില്‍ അഭിപ്രായങ്ങളുണ്ടായി.

എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലെ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകു എന്ന് യോഗത്തില്‍ അധ്യക്ഷയായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷ് പറഞ്ഞു. പകല്‍ സമയത്തെ വഴിയോര കച്ചവടം ഒഴിവാക്കും. ടൗണ്‍ റോഡിലെ പച്ചമത്സ്യ വില്പന പൂർണമായും നിരോധിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.


ചെറുപുഷ്പം ജംഗ്ഷൻ മുതല്‍ തങ്കം ജംഗ്ഷൻ വരെ ടൗണില്‍ മൂന്നോ നാലോ ഓട്ടോസ്റ്റാൻഡുകള്‍ മാത്രമാണ് പഞ്ചായത്ത് അംഗീകൃതമായുള്ളത്. മറ്റുള്ളതെല്ലാം അനധികൃതമാണ്.

എന്നാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ സ്റ്റാൻഡുകള്‍ പരിഗണിക്കും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും. വഴിയോരങ്ങളില്‍ വാഹനങ്ങള്‍ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ.ശ്രീകല യോഗത്തില്‍ അറിയിച്ചു. ഇത് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്‍റെ തന്നെ ഏഴ് കച്ചവട വണ്ടികള്‍ വരെ ടൗണില്‍ പലയിടത്തായി നിർത്തിയിടുന്നുണ്ടെന്ന് യോഗത്തില്‍ ആരോപണമുയർന്നു.


പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടിയെടുക്കും. വെയില്‍, മഴ എന്നിവയുടെ പേരില്‍ കടകള്‍ക്കു മുന്നില്‍ അനധികൃതമായി ഇറക്കികെട്ടിയിട്ടുള്ള നിർമാണങ്ങള്‍ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം നല്‍കിയതായും പ്രസിഡന്‍റ് അറിയിച്ചു.


കഴിഞ്ഞ മാസം 22 ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് 2022 സെപ്റ്റംബറില്‍ എടുത്ത തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികള്‍ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളും യോഗത്തിലുണ്ടായി.

ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റുള്ള പ്രധാന സെന്‍ററില്‍ മാത്രം ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും. യോഗത്തില്‍ രാഷ്ട്രീയ വ്യാപാര സംഘടനകളെ പ്രതിനിധീകരിച്ച്‌ എ. പ്രഭാകരൻ, കെ.എം.ജലീല്‍, പി.കെ. ഗുരു, സി.കെ.അച്യുതൻ, ഇല്ല്യാസ് പടിഞ്ഞാറെകളം, സി. തബു, അവറാച്ചൻ, കെ. മോഹൻദാസ്, സെയ്തലവി, അബ്ബാസ്, പഞ്ചായത്ത് മെമ്പർമാർ, ഹെല്‍ത്ത് ഇൻസ്പെക്ടർ രാജഗോപാല്‍, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News