Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയ ചികിത്സാരംഗത്ത് നേട്ടം; പുതിയ തലമുറ പേസ്മേക്കര്‍ കോഴിക്കോട്ട്

29 Sep 2025 09:36 IST

Fardis AV

Share News :


കോഴിക്കോട്: നെഞ്ചില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനുള്ള നൂതന ചികിത്സാ രീതി കോഴിക്കോട്ട് ലഭ്യമായി തുടങ്ങി. ഹൃദയ ചികിത്സാരംഗത്ത് നിര്‍ണായക മുന്നേറ്റമായി കരുതുന്ന ലീഡ്ലെസ് (വയറുകളില്ലാത്ത) പേസ്മേക്കറുകളാണ് ലഭ്യമാവുന്നത്. ആഗോള ആരോഗ്യരംഗത്തെ പ്രമുഖരായ അബോട്ട് കമ്പനിയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ലഭ്യമാണ്.


ഹൃദയമിടിപ്പ് കുറയുന്ന 'ബ്രാഡികാര്‍ഡിയ' പോലുള്ള അവസ്ഥകള്‍ക്ക് നിലവില്‍ നെഞ്ചിന് താഴെ പേസ്മേക്കര്‍ ഘടിപ്പിച്ച് വയറുകള്‍ ഹൃദയത്തിലേക്ക് ബന്ധിപ്പിക്കുകയാണ് പതിവ്. ഈ ശസ്ത്രക്രിയയില്‍ മുറിപ്പാടുകള്‍, വയറുകള്‍ പൊട്ടാനുള്ള സാധ്യത, അണുബാധ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകാറുണ്ട്. പുതിയ ലീഡ്ലെസ് പേസ്മേക്കര്‍ ഈ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു.


ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകളോടെയുള്ള ഈ ശസ്ത്രക്രിയ രോഗികളെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുമെന്ന് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ കാത്ത് ലാബ് ഡയറക്ടറും സീനിയര്‍ ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. അരുണ്‍ ഗോപി പറഞ്ഞു. നഗരത്തിനു പുറത്തുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സാ പരിശോധനകള്‍ക്ക് വരാനുള്ള ബുദ്ധിമുട്ടുകള്‍ ഈ സാങ്കേതികവിദ്യ വഴി കുറയ്ക്കാന്‍ സാധിക്കും.

ഒരു പെന്‍സില്‍ ബാറ്ററി നാലിരട്ടി ചെറുതാക്കിയ രൂപത്തിലാണ് ലീഡ്ലെസ് പേസ്മേക്കറുകള്‍. തുടയിലെ രക്തക്കുഴലിലൂടെ ഒരു കത്തീറ്റര്‍ ഉപയോഗിച്ചാണ് ഇത് ഹൃദയത്തിന്റെ വലത് വെന്‍ട്രിക്കിളില്‍ നേരിട്ട് ഘടിപ്പിക്കുന്നത്. നെഞ്ചില്‍ മുറിവോ തടിപ്പോ ഉണ്ടാവില്ല. അണുബാധ, വയറുകള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സാധിക്കുന്നത് രോഗികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Follow us on :

More in Related News