Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിറത്തിന്റെ പേരിലുള്ള അധിക്ഷേപം : പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

17 Jan 2025 09:18 IST

Jithu Vijay

Share News :

മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അധിക്ഷേപത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ചെയർമാൻ എം. ഷാജർ ഇക്കാര്യം അറിയിച്ചത്. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷൻ കർശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


സ്ത്രീത്വത്തെ നിരന്തരമായി വാർത്താചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീവിരുദ്ധ പൊതുബോധ നിർമ്മിതിയിൽ പങ്കുവഹിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'ദിശ ' എന്ന സംഘടന നൽകിയ പരാതിയിലും യുവജന കമ്മീഷൻ കേസെടുത്തു. 


അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് കമ്മീഷൻ നിർദേശിച്ചു. ലൈംഗിക അതിക്രമം നേരിടുന്നവരെക്കുറിച്ചുള്ള ചർച്ചകളിൽ വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും സൈബർ ഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 


കോട്ടക്കലിലെ ബഡ്സ് സ്കൂളിൽ നിന്നും ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പുറത്താക്കിയ വിഷയത്തിൽ യുവജന കമ്മീഷൻ ഗൗരവമായി ഇടപെടും. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ എൻ.സി.സി

 കേഡറ്റിനെ പുറത്താക്കിയ സംഭവത്തിലും കമ്മീഷൻ വിശദീകരണം തേടി. 


കളക്ട്രേറ്റ് കോൺഫറസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ 33 പരാതികളാണ് ലഭിച്ചത്. 16 പരാതികൾ തീർപ്പാക്കി. 17 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ, കമ്മീഷൻ അംഗങ്ങളായ പി.ഷബീർ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News