Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 22:24 IST
Share News :
കോട്ടയം: കോട്ടയത്ത് മൂന്ന് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ. കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിലാണ് മാതൃദിനത്തിൽ നൊമ്പരമായ സംഭവം നടന്നത്. സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി കെ. കെ (80) യാണ് മരിച്ചത്. ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള പ്രവീണാണ് (40) മൃതദേഹത്തിന് കാവലിരുന്നത്. ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും, ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികളും, വാർഡ് മെമ്പറും, പോലീസ് സഹായത്തോടെ പിൻവാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖം മൂലം അമ്മ കിടപ്പിലാണ് എന്നുള്ള മറുപടി മാത്രമാണ് ഏതാനും ദിവസങ്ങളായി പ്രവീണിൽ നിന്നും അയൽവാസികൾക്ക് ലഭിച്ചിരുന്നത്. ഇവർക്ക് ബന്ധുക്കളുമായോ അയൽവാസികളുമായോ സഹകരണം ഉണ്ടാകാതിരുന്നതും മരണ വിവരം പുറത്തിറിയുന്നത് വൈകുവാൻ കാരണമായി.
പ്രവീണിനെ നിർബ്ബന്ധപൂർവ്വം വീട്ടിൽ നിന്നും മാറ്റിയ ശേഷമാണ് ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നത്. ഭാനുമതിയുടെ ഭർത്താവ് ഭാസ്‌ക്കരൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇരുവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. അമ്മയുടെ അസുഖം പ്രവീണിനെ ഏറെ സങ്കടത്തിലാക്കിയിരുന്നതായും, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാൽ അമ്മ മരിച്ചത് പ്രവീൺ തിരിച്ചറിഞ്ഞിരുന്നോ എന്നത് വ്യക്തമല്ലെന്നും പോലീസും അയൽവാസികളും പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.