Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര മേഖലയില്‍ 27.363 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കു വേലി സ്ഥാപിക്കുന്നു

11 Mar 2025 18:05 IST

Saifuddin Rocky

Share News :


മലപ്പുറം: മനുഷ്യ-വന്യജീവി സംഘര്‍ഷം മൂലമുള്ള വിളനാശത്തെ തടയാന്‍ മലയോര മേഖലയില്‍ 27.363 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കു വേലി(സോളാര്‍ ഹാങിങ് ഫെന്‍സിങ്) സ്ഥാപിക്കുന്നു. കൃഷിവകുപ്പിന്റെ 2024-25 ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂര്‍ താലൂക്കിലെ 27.363 കിലോമീറ്റര്‍ സ്ഥലത്താണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി. മനുഷ്യ- വന്യജീവി സംഘര്‍ഷം മൂലം സ്വകാര്യ കൃഷിയിടങ്ങളില്‍ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. ചുങ്കത്തറ പഞ്ചായത്തിലെ 17, 19 വാര്‍ഡുകളിലായി 7 കിലോ മീറ്റര്‍, മൂത്തേടം ഗ്രാമ പഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളിലായി10.363 കിലോ മീറ്റര്‍, പോത്തുക്കല്ല് 8, 9 വാര്‍ഡില്‍ 6.5 കിലോ മീറ്റര്‍, വഴിക്കടവ്- 2.5 കിലോമീറ്ററുമാണ് സ്ഥാപിക്കുന്നത്. 2.20 കോടി രൂപ ഭരണാനുമതിയായ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത് ഡിവിഷന്‍, നിലമ്പൂര്‍) പി കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.


ഫോട്ടോ : മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൗരോര്‍ജ്ജ തൂക്കു വേലി സ്ഥാപിക്കുന്നതിന്റെ ധാരണാപത്രം വനം വകുപ്പ് അധികൃതര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖക്ക് കൈമാറുന്നു

Follow us on :