Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാള സിനിമ പ്രചോദനം. സുഭദ്ര കൊലക്കേസ്: മൃതദേഹം ഉറുമ്പരിക്കാന്‍ വിതറിയത് 20 കിലോ പഞ്ചസാര

27 Sep 2024 08:51 IST

- Shafeek cn

Share News :

കലവൂര്‍: സുഭദ്ര കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹത്തില്‍ 20 കിലോഗ്രാം പഞ്ചസാര വിതറിയതായി പൊലീസ് അറിയിച്ചു. പഞ്ചസാര വിതറിയാല്‍ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമ കണ്ടു ലഭിച്ചതാണെന്നാണ് പ്രതി മാത്യൂസ് പൊലീസിനോട് പറഞ്ഞത്. യൂട്യൂബില്‍ കണ്ട ഒരു മലയാള സിനിമയിലാണ് ഇങ്ങനെ കണ്ടതെന്നും മാത്യൂസ് പറഞ്ഞു.


കലവൂരിലെ ഒരു കടയില്‍ നിന്നുമാണ് മാത്യൂസ് പഞ്ചസാര വാങ്ങിയത്. കട ഉടമ മാത്യൂസിനെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. പക്ഷേ എടുത്ത കുഴിക്ക് ആഴം കൂടുതലായതിനാല്‍ പഞ്ചസാര ഉറുമ്പരിച്ചില്ല. കൂടാടെ കുഴിയില്‍ വെളളക്കെട്ടും ഉണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യുന്നതിന് മുന്നേ സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ ഊരിയെടുത്തിരുന്നു. എന്നാല്‍ മാല മുക്കുപണ്ടമാണെന്നു മനസ്സിലായതോടെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന കോര്‍ത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് ഇന്നലെ മാല കണ്ടെത്തി.


മാലയ്ക്കായി ഇതിന് മുന്‍പും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെയാണ് മാല കണ്ടെത്തിയത്. തോട്ടിലെ മാലിന്യങ്ങള്‍ ഉളളതിനാല്‍ അത് വൃത്തിയാക്കിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവ് ശേഖരണത്തിന് ശേഷം ഇന്നലെ തന്നെ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.


ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. അമ്പലങ്ങളില്‍ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുഭദ്ര തിരിച്ചെത്താതിരുന്നതോടെ ഏഴാം തീയതി മകന്‍ രാധാകൃഷ്ണന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.


പ്രതികളായ ശര്‍മിളയും മാത്യൂസുമായി സുഭദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് സുഭദ്ര ഇവരെ സന്ദര്‍ശിച്ചിരുന്നു. മൂവരും ഒന്നിച്ച് യാത്രകളും നടത്തിയിരുന്നു. ഇതിനിടെ സുഭദ്രയുടെ സ്വര്‍ണം പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലി സുഭദ്ര ഇരുവരുമായും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും ക്രമേണ പഴയ സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു, തുടര്‍ന്ന് പ്രതികള്‍ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷമാണ് പ്രതികള്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയത്.


Follow us on :

More in Related News