Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 13:02 IST
Share News :
കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കൂ എന്നാണ് കെഎസ്ഇബി നിലപാട്.
‘‘അധിക വൈദ്യുതിബിൽ വന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് ഞാൻ തലയിൽ ഒഴിച്ചു. വേറെ പറയുന്നതൊക്കെ വ്യാജമാണ്. കെഎസ്ഇബിക്കാർ സ്വന്തമായാണ് ഓഫിസ് തല്ലിപൊളിച്ചത്. കെഎസ്ഇബി ഡ്രൈവർ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ തകർന്നു. അനിയന് മർദനമേറ്റു’’–അജ്മൽ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.
അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്‌ഷൻ. കെഎസ്ഇബി പകതീർക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു.
പ്രതിഷേധത്തിനിടെ 64 വയസുകാരനായ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ‘‘ സ്ട്രോക്ക് വന്നയാളാണ്. എട്ടു ഗുളിക കഴിക്കുന്നുണ്ട്. കറന്റില്ല, വെള്ളമില്ല. ഭക്ഷണം പാകംചെയ്യാൻ കഴിയുന്നില്ല.’’–റസാഖ് പറയുന്നു.
മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നും പണം കെട്ടിവച്ചാലേ വൈദ്യുതി പുനഃസ്ഥാപിക്കൂ എന്നുമാണ് കെഎസ്ഇബി ചെയർമാനും നിലപാടെടുത്തിരിക്കുന്നത്. വൈദ്യുതി മന്ത്രിയും കെഎസ്ഇബിയുടെ നിലപാടിനെ ശരിവച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ചയാണ് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈനായി ബില്ലടച്ച റസാഖിന്റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ചയാണ് ജീവനക്കാർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി.
സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫിസിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത് ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചെന്ന് പരാതിയിൽ പറയുന്നു. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പടെ ചില ജീവനക്കാർക്ക് പരുക്കേറ്റതായും പരാതി ഉണ്ട്. ആക്രമണത്തിനു പിന്നാലെയാണ് ബോർഡ് ചെയർമാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്.
Follow us on :
Tags:
More in Related News
Please select your location.