Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വി: മുഖ്യമന്ത്രിയെ വിമർശിച്ച് തോമസ് ചാഴികാടൻ

24 Jun 2024 17:45 IST

CN Remya

Share News :

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കാരണമായതായി തോമസ് ചാഴികാടന്‍. കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തിലായിരുന്നു ചാഴികാടന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി എന്നും കോട്ടയത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് സ്ഥിരിമായി കിട്ടിയിരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി എന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിൽനിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണമെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകണമെന്ന് നേതൃയോഗം നിര്‍ദേശിച്ചു. ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണി യോഗത്തില്‍ ആവശ്യപ്പെടാനും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചു.

Follow us on :

More in Related News