Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേറിട്ട അനുഭവമായി 'വിരലുകൾ കഥ പറയുമ്പോൾ'

07 Jul 2024 21:00 IST

Asharaf KP

Share News :




വേറിട്ട പരിപാടിയിലൂടെ ആർ എൻ എം ഹയർ സെക്കന്ററി സ്കൂൾ വായനവാരാചരണത്തിന് സമാപനമായി. കാഴ്ചപരിമിതിയുള്ളവരുടെ വായനാനുഭവങ്ങളെ വിദ്യാർഥികളിലേക്കെത്തിച്ച 'വിരലുകൾ കഥ പറയുമ്പോൾ' എന്ന പരിപാടി അതിന്റെ വൈവിദ്ധ്യം കൊണ്ടും പ്രസക്തികൊണ്ടും ശ്രദ്ധയാകർഷിച്ചു. കാഴ്ച എന്ന സാധ്യതയ്ക്കപ്പുറം വായന അതിന്റെ പുതിയ മാനങ്ങളിലേക്ക് സഞ്ചരിക്കുന്ന പുതിയ കാലത്തെ കുട്ടികളിലേക്കെത്തിക്കാൻ കോഴിക്കോട് സ്വദേശി ആയിഷ സമീഹയ്ക്കും സ്‌കൂളിലെ പ്ലസ്‌ടു അദ്ധ്യാപകൻ സൂരജ് എം.എസ്സിനും സാധിച്ചു.



വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ "വിരലുകൾ കഥ പറയുമ്പോൾ " എന്ന പരിപാടിയിലൂടെയാണ് കുട്ടികൾ ബ്രെയിലി ലിപിയെ പരിചയപ്പെടുന്നത്.രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ് ആയിഷ സമീഹ. കാഴ്ച പരിമിതിയുള്ള ആയിഷ ബ്രെയിലി ലിപിയിലൂടെ വായനയെന്ന ആനന്ദത്തെ ആസ്വദിക്കുന്നവളാണ്. കാഴ്ച പരിമിതിയുള്ളവർ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും, ഓഡിയോ ബുക്ക് വായനയുടെ നവീന സാധ്യതകളെക്കുറിച്ചും സ്‌കൂളിലെ പ്ലസ് ടു അധ്യാപകനായ സൂരജ് എം.എസ്‌ സംവദിച്ചു. സാങ്കേതിക വിദ്യ ഭിന്നശേഷി സുഹൃത്തുക്കൾക്ക് എത്രത്തോളം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലെ ആദ്യത്തെ ബ്രെയിലി ലിപി കവിതാ സമാഹാരത്തിന്റെ കർത്താവായ തിരുവന്തപുരം സ്വദേശി അനീഷ് സ്നേഹയാത്രയും ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ബ്രെയിലി ലിപി കവിതാസമാഹാരമായ 'പിന്നിട്ട വഴികളും വരികളും' പുറത്തിറങ്ങാനുള്ള സാഹചര്യം അദ്ധേഹം കുട്ടികളോട് പങ്കുവെച്ചു. 



ഈൻക്ലുസീവ്‌ എജുക്കേഷൻ എന്ന ആശയത്തെ സ്‌കൂളുകളിൽ പ്രായോഗികമാക്കുക എന്നതാണ് ഇത്തരത്തിലൊരു വേദിയൊരുക്കിയതിന്റെ ഉദ്ധേശമെന്ന് വിദ്യാരംഗം കൺവീനർ വിഷ്ണു മാസ്റ്റർ പറഞ്ഞു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടിയിൽ പ്രധാനാധ്യാപകൻ സുധീഷ് .കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ പത്മജൻ മാസ്റ്റർ. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് വി.പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

Follow us on :

Tags:

More in Related News