Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 08:01 IST
Share News :
കല്പറ്റ: ദുരന്ത പുരനധിവാസത്തിന് വയനാടിന് എല്ലാവിധ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി.. നാടിനെ നടുക്കിയ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചശേഷംചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും'-പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് വിശദമായ വിവരം എത്രയുംവേഗത്തില്‍ നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം നിര്‍ദേശിച്ചു.
ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആളുകളുടെ തൊഴില്‍ എന്നിവയിലുള്‍പ്പെടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവരുടെ വേദനയില്‍ ഒപ്പം നില്‍ക്കുന്നു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളുംചെയ്യും. സംസ്ഥാനംചെയ്യുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയുമുണ്ടാവും. ദുരന്തനിവാരണഫണ്ട് നേരത്തെതന്നെ കേന്ദ്രം നല്‍കിയിട്ടുണ്ട്. കുടുംബങ്ങളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കും ദുരന്തത്തില്‍ നഷ്ടമുണ്ടായവര്‍ക്കുമായി ദീര്‍ഘകാലപദ്ധതി തയ്യാറാക്കണം. -അദ്ദേഹം പറഞ്ഞു.
വീടുകളും സ്‌കൂളുകളും റോഡും അടിസ്ഥാനസൗകര്യങ്ങളും കുട്ടികളുടെ ഭാവിയും പുനഃസ്ഥാപിക്കുന്നതിന് രാജ്യവും കേന്ദ്രഗവണ്മെന്റും സാധ്യമായ എല്ലാശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി സുരേഷ് േഗാപിക്കുമൊപ്പം ഹെലികോപ്റ്ററില്‍ വീക്ഷിച്ചു. ചീഫ് സെക്രട്ടറി ഡോ. കെ. വേണു അദ്ദേഹത്തിന് ദുരന്തമേഖലയുടെ വിശദാംശങ്ങള്‍ പറഞ്ഞുകൊടുത്തു.
പിന്നീട് കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങി റോഡുമാര്‍ഗം 26 കിലോമീറ്റര്‍ അകലെയുള്ള ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ പ്രധാനമന്ത്രിയെത്തി. അവിടെ തകര്‍ന്ന വീടുകള്‍ ഉള്‍പ്പെടെയുള്ള ദുരിതക്കാഴ്ചകള്‍ നേരില്‍ക്കണ്ടു. ക്യാമ്പുകളും ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ചു.
കളക്ടറേറ്റില്‍ അവലോകനയോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ. വേണു ദുരന്തത്തെക്കുറിച്ചുള്ള അവതരണം നടത്തി. പുനരുദ്ധാരണത്തിന് എന്തൊക്കെവേണമെന്നും വിശദീകരിച്ചു. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മരിച്ചുപോയവരുടെ അശ്രിതര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാഹചര്യംവേണം. ദുരന്തമേഖലയുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും രണ്ടായിരം കോടിരൂപ വരും. അതില്‍ കേന്ദ്രം സഹായിക്കണം. കേരളത്തിലുണ്ടാവുന്ന അപ്രതീക്ഷിതദുരന്തങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തണം. കേരളത്തിലെ ദേശീയതലത്തിലുള്ള കേന്ദ്രങ്ങള്‍ ശാക്തീകരിക്കണം. ചൂരല്‍മലയിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.