Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീരൊഴുക്കിനും ടൂറിസ്റ്റ് ബോട്ട് യാത്രയ്ക്കും തടസ്സം; കടലുണ്ടിക്കടവിലെ മണൽ കൂനകൾ നീക്കം ചെയ്യാൻ അനുമതി : നടപടി കെ ഡി എഫ് പരാതിയിൽ

12 Sep 2026 12:23 IST

Jithu Vijay

Share News :

വള്ളിക്കുന്ന് : കടലുണ്ടി പുഴ കടലിനോട് ചേരുന്ന കടലുണ്ടിക്കടവ് അഴിമുഖത്ത് വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും സിൽട്ടും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്ക് അനുമതി ലഭിച്ചതായി ജില്ലാ കലക്ടറുടെ മറുപടി. മണൽ കൂനകൾ കാരണം നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സം നേരിടുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ ബോട്ട്, തോണി യാത്രകളും പ്രയാസകരമായ സാഹചര്യത്തിലായിരുന്നു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ഡെവലപ്മെന്റ് ഫോറം (KDF) ഭാരവാഹികൾ ജലവിഭവ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും നിവേദനം നൽകിയിരുന്നു.


KDF സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, സുബൈർ പി.പി. ആനങ്ങാടി, ഷൈനി പട്ടാളത്തിൽ തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയിരുന്നത്.


നിവേദനത്തെ തുടർന്ന് ലഭിച്ച മറുപടിയിൽ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കടലുണ്ടിക്കടവ് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഖേന റിപ്പോർട്ട് ലഭ്യമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.


കടലുണ്ടിക്കടവ് അഴിമുഖത്ത് പൊതുമരാമത്ത് പാലത്തിന്റെ മുകൾഭാഗത്തും റെയിൽവേ പാലത്തിന്റെ താഴ്ഭാഗത്തുമായി 150 മീറ്റർ വീതമുള്ള രണ്ട് ബഫർ സോണുകൾ നിലനിർത്തി, മധ്യഭാഗത്ത് വരുന്ന ഏകദേശം 400 മീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ സിൽട്ട് ടെൻഡർ അടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നതിനുള്ള വിശദമായ പ്രൊപ്പോസൽ സംസ്ഥാനതല അനുമതിക്കായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചിരുന്നതായും മറുപടിയിൽ വ്യക്തമാക്കുന്നു.


സിൽട്ട് നീക്കം ചെയ്യുന്നതിന് അനുമതി ലഭ്യമായതായും ജില്ലാ കലക്ടർ അറിയിച്ചു.

18 വർഷത്തിലധികമായു മണൽ അടിഞ്ഞുകൂടിയതിനാൽ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുകയും ജലഗതാഗതത്തിന് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ മണലും സിൽട്ടും നീക്കം ചെയ്യുന്ന പ്രവൃത്തി അടിയന്തരമായി ആരംഭിക്കണമെന്നാണ് ആവശ്യം.


പ്രദേശത്തെ ടൂറിസം മേഖലയ്ക്കും ഇത് ഏറെ പ്രാധാന്യമുള്ള വിഷയമാണ്. കടലുണ്ടി പുഴയിലെ ബോട്ട്, തോണി യാത്രകൾ സുഗമമാക്കുന്നതിനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുഴയുടെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും നടപടി വേഗത്തിലാക്കണമെന്ന് KDF സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.




Follow us on :

More in Related News