Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ വിമാനത്താവളത്തിന്റെ സി.ഇ.ആർ. ഫണ്ട് ഇനി വിമാനത്താവള പരിസര വികസനത്തിന് വിനിയോഗിക്കും

12 Sep 2026 13:29 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി.ഇ.ആർ (Corporate Environmental Responsibility) ഫണ്ട് ഇനി പൂർണമായും വിമാനത്താവള പരിസര പ്രദേശങ്ങളുടെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി വിനിയോഗിക്കും. ടി വി ഇബ്രാഹിം എം.എൽ.എ.യുടെ നിർദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.


മഴക്കാലത്ത് കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്നുള്ള വെള്ളം സമീപത്തെ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തുന്നതുമൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 3.5 കോടി രൂപ സി.ഇ.ആർ ഫണ്ടിൽ നിന്ന് അനുവദിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ പരിഹാര സംവിധാനങ്ങൾക്കാണ് തുക വിനിയോഗിക്കുക.


വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തെ അപകടസാധ്യതയുള്ള ‘എസ്’ വളവ് നികത്തി റോഡ് നവീകരിക്കുന്നതിനുള്ള എൻ.ഒ.സി എയർപോർട്ട് അതോറിറ്റി ഉടൻ നൽകും. ഇതോടെ ഏറെക്കാലമായി പ്രദേശവാസികൾ ഉന്നയിച്ചുവരുന്ന പ്രധാന റോഡ് സുരക്ഷാ പ്രശ്നത്തിന് പരിഹാരമാകകും.


വിമാനത്താവള പരിസരത്ത് വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗം പരിഗണിച്ചു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി പുനഃപരിശോധന നടത്തും.


വിമാനത്താവളത്തിലെ വിവിധ തൊഴിലവസരങ്ങളിൽ തദ്ദേശവാസികൾക്ക് മുൻഗണന ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി പ്രദേശവാസികളായ ഉദ്യോഗാർത്ഥികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി വിമാനത്താവള അധികൃതർക്ക് കൈമാറും.


ആരോഗ്യമേഖലയിലും സഹായം ലഭ്യമാകും. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 10 ഡയാലിസിസ് മെഷീനുകൾ ലഭ്യമാക്കും.


വള്ളിക്കുന്ന് എം.എൽ.എ ടി.വി. ഇബ്രാഹിം, എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


വിമാനത്താവളത്തിന്റെ വികസനത്തോടൊപ്പം പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കക്കാൻ യോഗത്തിൽ തീരുമാനമായി.

Follow us on :

More in Related News