Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ

30 Dec 2024 15:49 IST

Shafeek cn

Share News :

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന 'മൃദംഗനാദം' പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായ സംഭവത്തില്‍ ഇവന്റ് മാനേജറെ കസ്റ്റഡിയില്‍ എടുത്തു. 'ഓസ്‌കാര്‍ ഇവന്റ്' മാനേജര്‍ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറില്‍ നിന്നും പൊലീസ് തേടും.


ആര്‍ട്ട് മാഗസിന്‍ ആയ മൃദംഗ വിഷന്റെ ഉടമകള്‍ ഇതിനോടകം തന്നെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൃദംഗ വിഷന്‍ ജിസിഡിഎയ്ക്ക് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു.ആഗസ്റ്റ് 23 നാണ് പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സംഘാടകര്‍ നല്‍കിയിരിക്കുന്നത്. 12000 നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന പരിപാടി ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ നടത്തുന്ന താണെന്നാണ് എംഡി ജിസിഡിഎയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. സ്ഥാപന ഉടമ നിഗേഷ് കുമാര്‍ ആണ് അപേക്ഷ നല്‍കിയത്.


എന്നാല്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുകാനായി രജിസ്ട്രേഷന്‍ തുകയായി നല്‍കിയത് 3500 രൂപയാണെന്ന് നൃത്താധ്യാപിക ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും കുട്ടികള്‍ക്ക് കുടിയ്ക്കാനുള്ള വെള്ളത്തിന് പോലുമുള്ള സൗകര്യം സ്റ്റേഡിയത്തിനകത്ത് സംഘാടകര്‍ ഒരുക്കിയിരുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.


മൃദംഗനാദം എന്ന പേരില്‍ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നടക്കം നര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മൃദംഗനാദത്തില്‍ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നര്‍ത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയില്‍ നര്‍ത്തകര്‍ പങ്കെടുത്തത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു.


അതേസമയം, നിര്‍മ്മിച്ച സ്റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ജി സി ഡി എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു.സ്റ്റേഡിയത്തിന്റെ പ്രശ്‌നമല്ല അപകടമുണ്ടാക്കിയത്.സംഘാടകര്‍ സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടില്ല.ഫയര്‍,പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാര്‍ വെച്ചിരുന്നു.കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ക്ക് ഉണ്ടായത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.


പരുക്കേറ്റ ഉമ തോമസ് എംഎല്‍എ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. രക്തസമ്മര്‍ദ്ദത്തിലെ നേരിയ വ്യതിയാനം ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാല്‍ ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഉമ തോമസിന് നിലവിലെ ചികിത്സാരീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


Follow us on :

More in Related News