Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 10:26 IST
Share News :
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവസാനമായി മൊബൈൽ ഫോൺ ഓൺ ആയപ്പോൾ സേലത്തായിരുന്നു ലൊക്കേഷൻ കാണിച്ചത്. പ്രതിയുടെ കൈയിൽ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാൾ ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സേലത്ത് ടവർ ലൊക്കേഷൻ കാട്ടിയതിന് പിന്നിൽ പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ കരുതലോടെ നീങ്ങിയ പോലീസ് മാളയിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വീട്ടിലെ മുൻജോലിക്കാരനാണ് അസം സ്വദേശി അമിത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള നിർണായക വിവരങ്ങളിൽനിന്നാണ് അമിതാണ് കൊലപാതകി എന്ന് പോലീസ് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
Follow us on :
More in Related News
Please select your location.