Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഡി സര്‍ക്കാര്‍ 'പണി' തുടങ്ങി; കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണം.

18 May 2026 17:30 IST

Jithu Vijay

Share News :

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


2023 ഡിസംബർ 15 ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോള്‍

റോഡരികില്‍ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വലിയ പ്രതിഷേധം തന്നെ ഇതിനെതിരെ ഉയർന്നിരുന്നു. സംഭവത്തില്‍ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണം നടന്നിട്ടില്ല. അതിനാല്‍ ഒരു സ്പെഷ്യല്‍ ടീം ഈ കേസ് അന്വേഷിക്കും'- വി ഡി സതീശൻ വ്യക്തമാക്കി.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്നു ജയിച്ച കെഎസ്‌യു നേതാവ് എ ഡി തോമസ് ഉള്‍പ്പെടെയുള്ളവർക്കാണ് അന്ന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നല്‍കി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.


കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തെളിവായ ദൃശ്യങ്ങള്‍ നല്‍കാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒഴിഞ്ഞു മാറിയെന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാൻ, അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർത്തത് പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തില്‍ നിന്നിറങ്ങി കെഎസ്‍യുക്കാരെ തല്ലാൻ മുന്നില്‍ നിന്ന ഗണ്‍മാൻ, ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണ് ഗണ്‍മാന്റെ ചുമതല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തില്‍നിന്ന് റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. പൊലീസുകാർ സാധാരണ ഉപയോഗി‍‌‍ക്കുന്ന ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നു തന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗണ്‍മാൻ മർദ്ദനത്തിന് ഉപയോഗിച്ചത്.

Follow us on :

More in Related News