Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെൺകുട്ടിയുടെ അച്ഛന് അയച്ചു നൽകി ഭീഷണി.

10 Sep 2024 19:25 IST

santhosh sharma.v

Share News :

വൈക്കം: വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ, ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകിയ യുവാവ് കടുത്തുരുത്തി പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വെർച്വൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നൽകിയ പ്രതിയെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം പോൾ വില്ലയിൽ ജോബിൻ ജോസഫ് മാത്യു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം നടന്നത്. ദിവസങ്ങൾക്കു മുൻപ് കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേയ്ക്ക് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ പല ദിവസങ്ങളിലും രാത്രി കാലത്താണ് ചിത്രങ്ങൾ എത്തിയിരുന്നത്. പല നമ്പരുകളിൽ നിന്നും ചിത്രങ്ങൾ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങൾ വാട്സ്അപ്പിൽ ലഭിച്ച ശേഷം കാണാൻ പിതാവ് വൈകിയാൽ വിദേശ നമ്പരുകളിൽ നിന്നടക്കം ഫോൺ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാൻ നിർദേശിക്കുന്നതും പതിവായിരുന്നു.

ശല്യം അതിരൂക്ഷമായതോടെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സംശയമുള്ളവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18 കാരിയെ ജോബിൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ചെയ്തു. ഇതിനിടെ വിദേശത്തേയ്ക്ക് പഠനത്തിനായി പെൺകുട്ടി പോയതിന് ശേഷമാണ് ഇത്തരത്തിൽ പിതാവിന്റെ ഫോണിലേയ്ക്കു നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പോലീസ് മനസിലാക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് യുവാവിൻ്റെ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി അടക്കം കണ്ടെത്തിയത്. താനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണ് എന്നു വിശ്വസിച്ച ജോബിൻ, ഇതിനു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയർ ടെക്നീഷ്യനായ ജോബിൻ തന്റെ പ്രതികാരം തീർക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിംങ് പഠിച്ചതായും തുടർന്ന് സ്വന്തം ഫോണിൽ വെർച്വൽ ഫോൺ സൃഷ്ടിച്ചതായും പോലീസ് പറയുന്നു. ഓരോ നമ്പരുകൾ ഇന്റർനെറ്റിൽ നിന്നും സ്വന്തമാക്കിയ ശേഷം ഇതിൽ വാട്സ്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടിയുടെ പിതാവിന് വീഡിയോയും, ചിത്രങ്ങളും ഇയാൾ അയച്ചു നൽകുകയായിരുന്നു. പ്രതിയുടെ ഫോൺ പിടിച്ചെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള തെളിവുകൾ പ പോലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കടുത്തുരുത്തി എസ്എച്ച് ഒ ടി. എസ് റെനീഷ്, സീനിയർ സി പി ഒ മനോജ് പി.യു, സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Follow us on :

More in Related News