Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 09:57 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര മേഖലയില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്റ് ആര്‍ റോഷിപാല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുക. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 223 പേജ് മാത്രമാണ് നാളെ പുറത്തു വരിക. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പകര്‍പ്പ് ലഭിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റിലെ സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കൈമാറുക. റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള നിയമ തടസം മാറിയതോടെയാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്.
2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ സ്വകാര്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ഡബ്ല്യുസിസി ഉള്‍പ്പെടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇതിനിടെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജി പാറയില്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. നാലര വര്‍ഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കേരളം. പക്ഷേ 300 പേജുള്ള റിപ്പോര്‍ട്ടിലെ സുപ്രധാന പേജുകളൊക്കെ വെട്ടിമാറ്റിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.