Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബറിന്റെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നു

19 Jan 2026 18:59 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ ചെയർമാൻ എ.എച്ച്.അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വിവിധ വികസന,ക്ഷേമ പദ്ധതികൾക്ക് അംഗീകാരം നൽകി.നാടിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.2026-27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിനായി സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗരേഖ പ്രകാരം ഫെബ്രുവരി 20-നകം പദ്ധതികൾക്ക് അന്തിമ അംഗീകാരം വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ശുപാർശകൾക്ക് യോഗം അംഗീകാരം നൽകുകയും ചെയ്തു.വിദ്യാഭ്യാസ മേഖലയിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി വേഗത്തിലാക്കാൻ ജെം പോർട്ടൽ വഴി അവ വാങ്ങാൻ അനുമതി നൽകി.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഹെൽത്ത് വെൽനസ് സെന്ററുകൾക്കായി അനുവദിച്ച 17 ലക്ഷം രൂപയുടെ ഗ്രാന്റ് വിനിയോഗത്തിൽ ഭേദഗതി വരുത്തുന്നതിനും താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി(എച്ച്എംസി) രൂപീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.​റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഓഫീസ് മുതൽ വഞ്ചിക്കടവ് വഴി പുന്ന വരെയുള്ള റോഡിന്റെ നവീകരണത്തിനായി 95.80 ലക്ഷം രൂപയുടെ പ്രവൃത്തികൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനെ ഏൽപ്പിക്കും.ലൈഫ്(പി.എം.എ.വൈ) ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും ജിയോടാഗിങ് നടപടികൾ സുഗമമാക്കുന്നതിനുമായി വാർഡ് തല യോഗങ്ങൾ വിളിച്ചുചേർക്കും.നഗരസഭ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഫീസിലെ വിവിധ സെക്ഷനുകളിൽ ഇന്റർകോം സംവിധാനം ഏർപ്പെടുത്താനും,നഗരത്തിലെ ബസ് സ്റ്റാൻഡുകളും ഓവർബ്രിഡ്ജുകളും ശുചീകരിച്ച് ബ്രാൻഡിംഗ് നടത്തുന്നതിനും യോഗം അനുമതി നൽകി.കാർഷിക മേഖലയിൽ മത്തിക്കായൽ പാടശേഖരത്തിലെ മോട്ടോറുകളുടെ വൈദ്യുതി കണക്ഷൻ പാടശേഖര സമിതിയുടെ പേരിലേക്ക് മാറ്റുന്നതിനും കുടിശ്ശിക സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.കൂടാതെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗുണഭോക്താക്കളുടെ അധിക പട്ടികയും കൗൺസിൽ അംഗീകരിച്ചു.സാമൂഹ്യക്ഷേമ നടപടികളുടെ ഭാഗമായി പട്ടികജാതി യുവതികളുടെ വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ അനുവദിച്ചു.ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണം 113 ആയി ഉയർത്തുന്നതിലൂടെ നഗരസഭ പരിധിയിലെ അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം ഉറപ്പാക്കും.വരാനിരിക്കുന്ന റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ചെയർമാൻ യോഗത്തിൽ അറിയിച്ചു.



Follow us on :

More in Related News